ന്യൂദല്‍ഹി: ഗാര്‍ഹിക പീഡന, കൊലപാതക ശ്രമക്കേസുകളില്‍ ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവും എംഎല്‍എയുമായ സോമനാഥ് ഭാരതി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ദല്‍ഹി കോടതി തള്ളി.
കേസന്വേഷണവുമായി ഭാരതി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് നടപടി. മുന്‍ നിയമ മന്ത്രിയായ ഭാരതി നിയമത്തിന്റെ മുന്നില്‍ നിന്ന് ഒളിച്ചോടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
ഭാര്യയെയും കുട്ടികളെയും സഹായിക്കാന്‍ സന്നദ്ധനാണെന്നും മധ്യസ്ഥ ശ്രമങ്ങളുമായി മുന്നോട്ടുപോകാമെന്നും ഭാരതി കോടതിയെ അറിയിച്ചു. എന്നാല്‍ പോലീസിന്റെ രണ്ടു നോട്ടീസുകള്‍ അവഗണിച്ച ഭാരതി നാലു തവണ മധ്യസ്ഥ ശ്രമങ്ങളെ തള്ളിയെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. ഇത്തേത്തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നെന്നും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും പറഞ്ഞ് മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് സോമനാഥ് ഭാരതിക്കെതിരെ ഭാര്യ ലിപിക പരാതിയുമായി രംഗത്തെത്തിയത്. കൊലപാത ശ്രമം, ജീവിത പങ്കാളിയോടുള്ള ക്രൂരത, വിശ്വാസ വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങി വിവിധ കുറ്റങ്ങള്‍ ഭാരതിക്കുമേല്‍ ചുമത്തിയിട്ടുണ്ട്. ആഫ്രിക്കന്‍ വനിതയെ പീഡിപ്പിച്ചതിനും സോമനാഥ് ഭാരതിക്കെതിരെ കേസെടുത്തിരുന്നു.
















