പനാജി: ലൂയി ബര്‍ഗര്‍ കോഴ കേസില്‍ ഗോവ മുന്‍ മുഖ്യമന്ത്രി ചര്‍ച്ചില്‍ അലെമാവോയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി. ബോംബെ ഹൈക്കോടതിയുടെ ഗോവന്‍ ബഞ്ചാണ് അലെമാവോയുടെ ഹര്‍ജി തള്ളിയത്. കഴിഞ്ഞ മാസമാണ് ചര്‍ച്ചില്‍ അലെമാവോയെ
ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായ അലെമാവോയുടെ ജാമ്യാപേക്ഷ നേരത്തെ രണ്ട് തവണ പ്രത്യേക വിചാരണ കോടതി തള്ളിയിരുന്നു. അതേസമയം ഇതേ കേസില്‍ കുറ്റാരോപിതനായ മറ്റൊരു മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തിന് സാങ്കേതിക കാരണങ്ങള്‍ മുന്‍നിര്‍ത്തി വിചാരണ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
2010ല്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെ ജാപ്പനീസ് ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷന്‍ ഏജന്‍സി ധനസഹായം നല്‍കിയിരുന്ന അഴുക്കുചാല്‍ നിര്‍മ്മാണ, ജലവിതരണ പദ്ധതികളുമായി ബന്ധപ്പെട്ടാണ് അലെമാവോയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നത്. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കുന്നതിനായി ലൂയി ബര്‍ഗറില്‍ നിന്ന് അലെമാവോ കൈക്കൂലി വാങ്ങിയതായാണ് ആരോപണം.
അമേരിക്കന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ലൂയി ബര്‍ഗര്‍ ഇന്റര്‍നാഷണലില്‍ നിന്ന് കോടിക്കണക്കിന് രൂപ ചര്‍ച്ചില്‍ അലെമോവോ കോഴ വാങ്ങിയതായാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത്. പ്രോജക്ടുമായി ബന്ധപ്പെട്ട് 2010ല്‍ ഗോവയിലെ ഒരു മന്ത്രിക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയതായി യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരോട് ലൂയി ബര്‍ഗര്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
















