നീലംപേരൂര്‍: അനേകം ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ നീലം പേരൂര്‍ പൂരം പടയണിക്ക് വലിയന്നങ്ങള്‍ ചിറക് വിരിച്ചിറങ്ങി. തെയ്യക്കം തിന്തകം നോക്കട വല്ല്യന്നം വന്നെട എന്ന പ്രശസ്തമായ പടയണിതാളത്തിലാണ് ഭക്തര്‍ വല്യന്നങ്ങളെ സ്വീകരിച്ചത്. ഇത് കണ്ണിന് കുളിര്‍മയേകുന്ന കാഴ്ചയായി. വലിയന്നങ്ങള്‍ക്ക് പുറമേ 90 ചെറിയ പുത്തനന്നങ്ങളും എഴുന്നെള്ളിച്ചു. ഇത്തവണ പൂരം പടയണിക്ക് മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി രണ്ട് വലിയ അന്നങ്ങളാണ് എഴുന്നെള്ളിയത്. ഇത് മുതിര്‍ന്നവര്‍ക്കും പുതുതലമുറക്കാര്‍ക്കും പുത്തന്‍ കാഴ്ചയായി. പൂരം പടയണി ആഗമനമറിയിച്ചുകൊണ്ട് മകം പടയണിദിവസം അമ്പലകോട്ടു എഴുന്നെള്ളിച്ചത് മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ചതുരാകൃതിയിലുള്ള അമ്പലക്കോട്ടയാണ് അടിയന്തിരകോലമായി എഴുന്നെള്ളിയത്. ചൂട്ട് പടയണിയുമായി ചേരമാന്‍പെരുമാള്‍ കോവിലില്‍ പോയി അനുവാദം വാങ്ങിയ ശേഷമാണ് പടയണിക്കളത്തിലേക്ക് അന്നങ്ങള്‍ എഴുന്നെള്ളിയത്. ഇതിനെത്തുടര്‍ന്ന് അന്നങ്ങള്‍, കോലങ്ങള്‍,പൊയ്യാന, സിംഹം എന്നിവയുടെ എഴുന്നെള്ളത്തും നടന്നു.
















