മാനന്തവാടി :വയനാട്ടില്‍ സ്വകാര്യ അച്ചടി വ്യവസായം പ്രതിസന്ധിയില്‍. ജില്ലയില്‍ സ്വകാര്യ മേഖലയില്‍ നാല് മള്‍ട്ടി കളര്‍ ഓഫ്സെറ്റ് പ്രിന്റിംഗ് പ്രസ്സുകളും 46 മിനി ഓഫ്സെറ്റ് പ്രസ്സുകളുമാണ് നിലവില്‍. ഇവയെല്ലാം ഓടുന്നത് കനത്ത നഷ്ടത്തില്‍. പ്രതിസന്ധി മറികടക്കുന്നതിനു തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതടക്കം കടുത്ത തീരുമാനങ്ങള്‍ക്ക് നിര്‍ബന്ധിതരാകുകയാണ് പ്രസ്സ് ഉടമകള്‍. അച്ചടി ജോലികളില്‍ ഏറെയും ഇതര ജില്ലകളിലെയും സംസ്ഥാനങ്ങളിലെയും വന്‍കിട പ്രസ്സുകളിലേക്ക് പോകുന്നതാണ് വയനാട്ടില്‍ ഓഫ്സെറ്റ് പ്രിന്റിംഗ് പ്രസ്സ് വ്യവസായ മേഖലയ്ക്ക് പ്രഹരമായതെന്ന് കേരള പ്രിന്റേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റും കല്പറ്റ സീഡാര്‍ പ്രസ് ഉടമയുമായ വി.പി.രത്നരാജ് പറഞ്ഞു. ശിവകാശിയിലും മൈസൂരുവിലും കോഴിക്കോടും എറണാകുളത്തുമടക്കമുള്ള വന്‍കിട പ്രസ്സ് ഉടമകള്‍ക്ക് വയനാട്ടില്‍ ഏജന്റുമാരുണ്ട്. കമ്മീഷന് വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ അച്ചടിജോലികള്‍ പുറത്തേക്ക് കടത്തുകയാണ്. പ്രിന്റിംഗ് ചാര്‍ജില്‍ കാര്യമായ വ്യത്യാസം ഇല്ലാതിരിക്കെയാണ് ഈ അവസ്ഥ. ഏജന്റുമാര്‍ പ്രവര്‍ത്തനം വ്യാപകമാക്കിയതോടെ ജില്ലയിലെ പ്രസ്സുകളില്‍ അച്ചടി ജോലി ഗണ്യമായി കുറഞ്ഞു. ഇതിന്റെ തിക്തഫലം ഉടമകള്‍ക്കു പുറമേ തൊഴിലാളികളും അനുഭവിക്കേണ്ടിവരികയാണ്. ഗത്യന്തരമില്ലാതെ ഉടമകള്‍ പിരിച്ചുവിടുന്നവര്‍ ജില്ലയ്ക്ക് പുറത്ത് തൊഴില്‍ അന്വേഷിക്കേണ്ട ഗതികേടിലാണ്-രത്നരാജ് പറഞ്ഞു.വയനാട്ടിലെ ഓഫ്സെറ്റ് പ്രസ്സുകളില്‍ പലതും അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് കേരള പ്രിന്റേഴ്സ് അസോസിയേഷന് ജില്ലാ ട്രഷറര്‍ ടി.പി.തോമസ് ചൂണ്ടിക്കാട്ടി. ഉടമ അച്ചടിശാലയില്‍ ജോലി ചെയ്തിട്ടും പിടിച്ചുനില്ക്കാന് കഴിയാത്ത സാഹചര്യമുണ്ട്. കടം വാങ്ങിയാണ് പല മാസങ്ങളിലും ശമ്പളം കൊടുക്കുന്നത്. അത്രയ്ക്കേറെയാണ് വരവും ചെലവും തമ്മിലുള്ള അന്തരം. ഇതിനു പുറമെയാണ് ലേബര്‍ നിയമങ്ങളും ഫാക്ടറി നിയമങ്ങളും മൂലമുള്ള അലോസരം. അഞ്ചോ ആറോ തൊഴിലാളികള്‍ മാത്രമുള്ള പ്രസ്സുകളില്‍ പോലും ഫാക്ടറി നിയമം ബാധകമാക്കാനാണ് അധികൃതരുടെ ശ്രമം-തോമസ് പറഞ്ഞു.വന്‍കിട അച്ചടി സ്ഥാപനങ്ങള്‍ എജന്റുമാര്‍ മുഖേന പ്രിന്റിംഗ് ജോലികള്‍ തട്ടിയെടുക്കുന്നതു തടയുകയാണ് ജില്ലയില്‍ അച്ചടി വ്യവസായത്തെ രക്ഷിക്കുന്നതിനു അടിയന്തരമായി ചെയ്യേണ്ടതെന്ന് ബത്തേരിയിലെ സാന്‍ജോര്‍ജിയ പ്രസ് ഉടമ ജോര്‍ജ് സേവ്യര്‍ ബോസ് പറഞ്ഞു. ടേണ്‍ ഓവര്‍ കുറവുള്ള പ്രസുകള്‍ക്ക് ലേബര്‍ നിയമത്തിലും എസ്.എസ്.എ രജിസ്ട്രേഷനുള്ളവയ്ക്ക് വൈദ്യുതി നിരക്കിലും ഇളവ് അനുവദിക്കുന്നതും ജില്ലയില്‍ അച്ചടി വ്യവസായത്തിന്റെ തകര്‍ച്ച ഒഴിവാക്കുന്നതിനു സഹായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലയിലെ ചെറുകിട പ്രിന്റിംഗ് പ്രസ്സുകളെ പീഡിത വ്യവസായമായി പ്രഖ്യാപിച്ച് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രിന്റേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റിയംഗം കെ.ബുഷ്ഹാര് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: