കൊച്ചി: കാക്കനാട് കളക്ടറേറ്റിലെ പ്രധാന വകുപ്പില്‍ അവധിയുടെ മറവില്‍ മദ്യപാനം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മംഗളം ദിനപത്രത്തിലെ ലേഖകന്‍ ശിവശങ്കരപിള്ളയെ കാബിനില്‍ പൂട്ടിയിട്ടു. ഇന്നലെ ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. ഒരു പ്രമുഖ യൂണിയന്‍ നേതാവിന്റെ നേതൃത്വത്തിലാണ് പൂട്ടിയിട്ടത്. പൂട്ടിയിട്ട ശേഷം ഉദ്യോഗസ്ഥര്‍ മൊബൈലില്‍ പടമെടുത്ത് വാട്‌സപ്പ് വഴി പ്രചരിപ്പിച്ചു.
സംഭവം അറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ജില്ലാ കളക്ടര്‍ ആര്‍. രാജമാണിക്യം, എഡിഎം പദ്മ കുമാര്‍ എന്നിവരെ വിവരം അറിയിക്കുകയായിരുന്നു. കളക്ടറും എഡിഎമ്മും ഇടപെട്ടതിനെ തുടര്‍ന്നാണ് അരമണിക്കൂറിന് ശേഷമാണ് മാധ്യമ പ്രവര്‍ത്തകനെ മോചിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായത്. പത്ത് വര്‍ഷത്തിന് മേല്‍ പ്രവര്‍ത്തന പരിചയമുള്ള ജീവനക്കാരെയാണ് ഈ വിഭാഗത്തില്‍ നിയമിക്കേണ്ടത്. എന്നാല്‍ ഭരണ സ്വാധീനം ഉപയോഗിച്ച് ഒരു വര്‍ഷം മാത്രം പ്രവര്‍ത്തന പരിചയമുള്ള ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത്.
കളക്ടറേറ്റില്‍ ക്യാമറ സ്ഥാപിച്ചതോടെ ഇവര്‍ക്ക് സീറ്റില്‍ ഇരുന്ന് കൈക്കൂലി വാങ്ങാന്‍ പറ്റാതായി. അതിന് പകരമായി ജോലി സമയത്ത് പുറത്തിറങ്ങി പണപ്പിരിവ് നടത്തുന്നത് സംബന്ധിച്ച് ഈ നേതാക്കള്‍ക്കെതിരെ വ്യാപക പരാതി ഉണ്ടായിട്ടും നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണ കൂടത്തിന് കഴിയുന്നില്ല. അവധി ദിവസങ്ങളില്‍ ഫയലുകള്‍ തീര്‍പ്പാക്കാന്‍ എന്ന പേരില്‍ കളക്ടറേറ്റില്‍ എത്തുന്ന നേതാക്കള്‍ ബാത്ത്‌റൂമിലും മറ്റുമായി മദ്യപിക്കുന്നത് പതിവാണ്.
അവധി ദിവസങ്ങളില്‍ ജോലിക്കെത്തുന്നവരുടെ വിവരം എച്ച്എസ് മുഖേന കളക്ടറേറ്റ് സെക്യൂരിറ്റി ജീവനക്കാരെ രേഖാ മൂലം അറിയിക്കണമെന്നാണ് നിയമം. എന്നാല്‍ കളക്ടറേറ്റ് ഭരണ വിഭാഗത്തിലും എക്സ്റ്റാബ്ലിമെന്റ് വിഭാഗത്തിലും ജോലിക്കെത്തുന്നവര്‍ വിവരം അറിയിക്കാറില്ല.
















