ന്യൂദല്‍ഹി: വിദേശ ഫണ്ട് തട്ടിയെടുത്ത കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ടീസ്റ്റസെതല്‍വാദിന്റെയും ഭര്‍ത്താവ് ജാവേദ് ആനന്ദിന്റെയും സംഘടനയായ സബ്‌രംഗ് ട്രസ്റ്റിന്റെ ലൈസന്‍സ് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. വിദേശനാണ്യ നിയന്ത്രണ നിയമം( എഫ്‌സിആര്‍എ) ലംഘിച്ചതിനാണ് ട്രസ്റ്റിന്റെ വിദേശ ഫണ്ട് കൈപ്പറ്റാനുള്ള അനുമതി സസ്‌പെന്‍ഡ് ചെയ്തത്. സപ്തംബര്‍ പത്തു മുതല്‍ ആറു മാസത്തേക്കാണ് ലൈസന്‍സ് മരവിപ്പിച്ചത്.
സംഘടന 2011ല്‍ 48.42 ലക്ഷം രൂപയും 2012ല്‍ 49.10 ലക്ഷം രൂപയും വിദേശ ഫണ്ടായി വാങ്ങിയിരുന്നു. 2011ല്‍ 30.97 ലക്ഷം രൂപയും 2012ല്‍ 27.07 രൂപയും ഇവര്‍ ചെലവാക്കി. അതായത് മൊത്തം തുകയുടെ 64.23 ശതമാനവും 55.14 ശതമാനവും. അന്‍പതു ശതമാനത്തിലേറെ തുക ഭരണപരമായ കാര്യങ്ങള്‍ക്ക് ചെലവിടണമെങ്കില്‍ കേന്ദ്രാനുമതി വേണം. ഇങ്ങനെ ചെയ്തില്ല. ഇതിന് തൃപ്തികരമായ മറുപടി നല്‍കിയില്ലെങ്കില്‍ വിദേശ ഫണ്ട് കൈപ്പറ്റാനുള്ള ലൈസന്‍സ് റദ്ദാക്കും.
ഇരുവരുടേയും സിറ്റിസന്‍ണ്‍സ് ഫോര്‍ ജസ്റ്റീസ് ആന്‍ഡ് പീസ് എന്ന സംഘടനയും ഇതേ കുരുക്കിലാണ്. ഈ സംഘടനയ്‌ക്ക് വിദേശ ഫണ്ട് സ്വീകരിക്കാന്‍ കേന്ദ്രത്തിന്റെ അനുമതിവേണം.
അതിനിടെ കോടികളുടെ അഴിമതിക്കേസിലെ പ്രതികളായ ടീസ്റ്റ സെതല്‍വാദ്, ഭര്‍ത്താവ് ജാവേദ് ആനന്ദ് എന്നിവരെ ഒക്‌ടോബര്‍ പതിനഞ്ചു വരെ അറസ്റ്റു ചെയ്യുന്നത് സുപ്രീം കോടതി വിലക്കി.
ഇതുമായി ബന്ധപ്പെട്ട കേസ് ഇന്നലെ പരിഗണയ്‌ക്കു വന്നപ്പോള്‍ മുന്‍പ് അറസ്റ്റിനു നല്‍കിയ സ്‌റ്റേ ഒക്‌ടോബര്‍ 15 വരെ നീട്ടി നല്‍കുകയായിരുന്നു. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ ഇരകള്‍ക്കു വേണ്ടിയെന്നു പറഞ്ഞ് വിദേശത്തു നിന്നടക്കം പിടിച്ചെടുത്ത കോടികള്‍ ഇവര്‍ സ്വന്തമാക്കിയെന്നും ധൂര്‍ത്തടിച്ചെന്നുമാണ് കേസ്.
കേസില്‍ ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് സുപ്രീം കോടിയെ സമീപിച്ച് സ്‌റ്റേ വാങ്ങുകയായിരുന്നു. ഒന്നരക്കോടിയിലേറെ രൂപ ഇവര്‍ തട്ടിയെടുത്തുവെന്നാണ് കേസ്.
















