കല്‍പ്പറ്റ: വയനാടിന്റെ അസ്ഥാനമായ കല്‍പ്പറ്റയില്‍ നഗരവാസികളുടെയും വയനാടന്‍ ജനതയുടെയും ചിരകാലസ്വപ്നമായിരുന്ന ബസ് ടെര്‍മിനല്‍, ടെര്‍മിനല്‍ മാള്‍ ഉദ്ഘാടനം നാളെ വൈകുന്നേരം നാലരക്ക് പുതിയ ബസ്റ്റാന്റ് പരിസരത്ത് നടക്കുമെന്ന് ചെയര്മാന് പി പി ആലി പത്രസമ്മേളനത്തില്‍ അറിയിച്ചു. ബസ് ടെര്‍മിനലിന്റെ ഉദ്ഘാടനം നഗരകാര്യ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വ്വഹിക്കും. ടെര്‍മിനല്‍ മാള്‍ മന്ത്രി പി കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. മുഖ്യപ്രഭാഷണവും, ഉപഹാരസമര്‍പ്പണം എം ഐ ഷാനവാസ് എം പി നിര്‍വ്വഹിക്കും. എം വി ശ്രേയാംസ്കുമാര്‍ എം എല്‍ എ ചടങ്ങില്‍ അധ്യക്ഷനായിരിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ്, ജില്ലാകലക്ടര്‍ കേശവേന്ദ്രകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.
ആധുനിക സംവിധാനങ്ങളോടും മികച്ച സൗകര്യങ്ങളോടും കൂടിയാണ് പ്രവൃത്തി പൂര്‍ത്തീകരിച്ച ബസ് ടെര്‍മിനല്‍ കോംപ്ലക്സ് ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നത്. വിപുലമായ സൗകര്യങ്ങളോട് കൂടിയാണ് ബസ് ടെര്‍മിനല്‍ കോംപ്ലക്സ് ഉദ്ഘാടനത്തിന് സജ്ജമാകുന്നത്. ഒരേ സമയം 30 ബസ്സുകള്‍ക്ക് ആളുകളെ മഴ നനയാതെ കയറ്റാനും ഇറക്കാനുമുള്ള സൗകര്യം, വിശാലമായ പോര്‍ച്ച്, പാര്‍ക്കിംഗ് സൗകര്യം, ടാക്സി സ്റ്റാന്റ്, ഓട്ടോസ്റ്റാന്റ്, സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യം, വികലാംഗര്‍ക്ക് പ്രത്യേക ടോയ്ലറ്റ് സൗകര്യം, ആധുനിക സൗകര്യങ്ങളോട് കൂടിയ ഗ്രാനൈറ്റ് പാകിയ വിശാലമായ കാത്തിരിപ്പ് കേന്ദ്രം, ക്ലോക്ക് റൂം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സി സി ടി വി നിരീക്ഷണ സംവിധാനം, ദീര്‍ഘദൂര യാത്രക്കാര്‍ക്ക് മെസനന് ഫ്ളോറില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ പ്രത്യേക കാത്തിരിപ്പ് കേന്ദ്രം, ദീര്‍ഘദൂര യാത്രക്കാര്‍ക്ക് പ്രത്യേകം ടോയ്ലറ്റ് സംവിധാനങ്ങള്‍ എന്നിവ ബസ് ടെര്‍മിനല്‍ കോംപ്ലക്സിന്റെ പ്രത്യേകതയാണ്. കൂടാതെ ബൈപ്പാസ് ബസ് സ്റ്റാന്റ് ലിങ്ക് റോഡ് യാഥാര്‍ത്ഥ്യമാകുന്ന മുറക്ക് ഇന്റര്‍സ്റ്റേറ്റ് ബസുകള്‍ക്ക് സൗകര്യം നല്‍കുന്നതിന് 24 മണിക്കൂറും ബസ് സ്റ്റാന്റ് സജ്ജമാകും.
ഈ ഭരണസമിതിയുടെ കാലഘട്ടത്തില്‍ സമഗ്രമേഖലയിലും നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത്. എന്റെ ഗൃഹം ഭവന പദ്ധതി, പട്ടികവര്‍ഗ വിഭാഗത്തിനായി ഓണിവയലില്‍ ഫ്ളാറ്റ്, ഭിന്നശേഷിയുള്ളവര്‍ക്ക് ബഡ്സ് സ്കൂള്‍, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി, ബൈപ്പാസ് പൂര്‍ത്തീകരണം, വിവിധ റോഡുകളുടെ നവീകരണം, മിനി ബൈപ്പാസുകള്‍, സമഗ്ര കുടിവെള്ള പദ്ധതി, അര്‍ഹരായ എല്ലാവര്ക്കും ക്ഷേമപെന്‍ഷനുകള്‍ തുടങ്ങി ഒട്ടേറെ പ്രവൃത്തികളിലൂടെ ജനഹിതത്തിനനുസരിച്ച് നഗരസഭയെ മുന്‍നിരയിലെത്തിക്കാന്‍ ഈ കൗണ്‍സിലിന് കഴിഞ്ഞിട്ടുണ്ട്.
നഗരസഭയുടെ മുഖച്ഛായ മാറ്റുന്നതിന് 25 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. നഗരസഭയിലെ ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായി 50 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ച് ധാരണയായിട്ടുണ്ട്. വൈദ്യുതിമേഖലയിലെ പ്രശ്നപരിഹാരത്തിനായി 21 കോടി രൂപയുടെ പദ്ധതിക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. കൗണ്‍സിലിന്റെ അഞ്ച് വര്‍ഷം കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സമഗ്രമേഖലയിലും വികസനം കൊണ്ടുവരാനും കല്‍പ്പറ്റയെ സംസ്ഥാനത്തെ മികച്ച നഗരസഭകളിലൊന്നാക്കി മാറ്റാനും ഈ കൗണ്‍സിലിന് സാധിച്ചുവെന്നും പി പി ആലി പറഞ്ഞു.
പത്രസമ്മേളനത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ കെ കെ വത്സല, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എ പി ഹമീദ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. ടി ജെ ഐസക്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വി പി ശോശാമ്മ, ബസ് ടെര്‍മിനല്‍ ടെക്നിക്കല്‍ എന്‍ജീനിയര്‍ ദീപക്, കമ്പനി ചെയര്മാന് അബ്ദുള്‍ ഗഫൂര്‍, മൂജീബ്, അലി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: