മുംബൈ: ഷീന ബോറ വധക്കേസ് അന്വേഷണത്തിനിടെ പൊലീസ് കമ്മീഷണര്‍ സ്ഥാനം തെറിച്ച രാകേഷ് മരിയയ്‌ക്ക് അന്വേഷണത്തലവനായി തുടരാന്‍ താല്‍പര്യമില്ലെന്ന് റിപ്പോര്‍ട്ട്. അന്വേഷണം നിര്‍ണ്ണായക കണ്ടെത്തലുകളിലേയ്‌ക്ക് എത്തുന്നതിനിടെയാണ് മരിയയെ തെറിപ്പിച്ചത്. തീരുമാനത്തില്‍ പ്രതിഷേധം ശക്തമായതോടെ അന്വേഷണത്തില്‍ മരിയ തന്നെ തുടരുമെന്ന് ആഭ്യന്തര അഡീ.സെക്രട്ടറി കെ.പി.ബക്ഷി ഉത്തരവിറക്കിയിരുന്നു. എന്നാല്‍ കേസന്വേഷണത്തില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് മരിയ സര്‍ക്കാറിനെ അറിയിച്ചെന്നാണ് വിവരം.
പുതിയ കമ്മീഷണര്‍ (അഹമ്മദ് ജാവേദ്) സ്ഥാനമേറ്റെടുത്ത ശേഷവും അതേ റാങ്കിലുള്ളയാള്‍ അന്വേഷണം തുടരുന്നത് ശരിയല്ലെന്ന് അദ്ദേഹം കരുതുന്നു. ഇത് മുംബൈയില്‍ പുതിയ ശക്തി കേന്ദ്രത്തെ സൃഷ്ടിയ്‌ക്കുമെന്നും തെറ്റായ കീഴ്‌വഴക്കമാണെന്നും ഉറപ്പിച്ചാണ് തീരുമാനം. രാകേഷ് മരിയയെ ഹോം ഗാര്‍ഡിന്റേയും സിവില്‍ ഡിഫന്‍സിന്റേയും ഡയറക്ടര്‍ ജനറലായി സ്ഥാനക്കയറ്റം നല്‍കിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനുശേഷവും അന്വേഷണം തുടരാന്‍ പറയുന്നത് അനുചിതമാണെന്ന് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ പറയുന്നു. അനുനയിപ്പിക്കലിന്റെ ഭാഗമായാണ് ആഭ്യന്തരത്തിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ തീരുമാനമെന്നും പറയപ്പെടുന്നു.
അതേ സമയം കൊല്ലപ്പെടുന്നതിന് 45 ദിവസം മുമ്പ് ഷീന ബോറയ്‌ക്ക് ഇന്ദ്രാണി മുഖര്‍ജി ഭീഷണി മെയില്‍ അയച്ചിരുന്നെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇത് സുപ്രധാന തെളിവായാണ് വിലയിരുത്തുന്നത്. 2012 മാര്‍ച്ച് എട്ടിനാണ് ഭീഷണി വാക്കുകളടങ്ങിയ മെയില്‍ ഇന്ദ്രാണി അയച്ചത്. ഇതേ മെയില്‍ തന്നെ മകന്‍ മിഖായേലിന് അയച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഷീനയെക്കൊല്ലാനുള്ള പദ്ധതി നേരത്തെ തന്നെ ഇന്ദ്രാണിയ്‌ക്കുണ്ടായിരുന്നെന്നാണ് ഇത് തെളിയിയ്‌ക്കുന്നതെന്ന് പൊലീസ് പറയുന്നു. കൊലയ്‌ക്ക് ശേഷം മെയ് നാലിനും ആഗസ്റ്റ് ഏഴിനും ഇന്ദ്രാണി അയച്ച രണ്ടിലധികം മെയിലുകളും പരിശോധിയ്‌ക്കും.
















