ന്യൂദല്‍ഹി: നേപ്പാള്‍ സ്വദേശികളായ അമ്മയെയും മകളെയും വീട്ടു ജോലിക്ക് നിര്‍ത്തി നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയും ഭക്ഷണവും ശമ്പളവും നല്‍കാതിരിക്കുകയും ചെയ്ത സൗദി നയതന്ത്രജ്ഞനും ഭാര്യയും ഭാരതം വിട്ടു .സംഭവത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിശദ റിപ്പോര്‍ട്ട് ചോദിച്ചിരിക്കെയാണ് ഇരുവരും രാജ്യം വിട്ടത്.
നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്യാനോ തടങ്കലില്‍ വയ്‌ക്കാനോ ഭാരതത്തിന് കഴിയില്ല. ഗുഡ്ഗാവ് ഡിഎല്‍എഫ് ഫേസ് രണ്ടില്‍ സൗദി എംബസി വാടകയ്‌ക്കെടുത്ത ഫ്ലാറ്റില്‍ പോലീസ് റെയ്ഡ് നടത്തി യുവതികളെ മോചിപ്പിക്കുകയായിരുന്നു. വീട്ടുജോലിക്കെന്ന പേരില്‍ തങ്ങളെ ആദ്യം ജിദ്ദയിലേക്കാണു കൊണ്ടുപോയതെന്നു യുവതികള്‍ പറയുന്നു. അവിടെവച്ചും പീഡിപ്പിച്ചിരുന്നു. ഗുഡ്ഗാവിലെ ഫ്ലാറ്റില്‍ അതിഥികളായെത്തിയവരും മാനഭംഗപ്പെടുത്തിയിരുന്നതായി മൊഴി നല്‍കിയിട്ടുണ്ട്.
നയതന്ത്രജ്ഞനും സുഹൃത്തുക്കളും ചേര്‍ന്ന് ഫ്ളാറ്റില്‍ വച്ച് ക്രൂരമായ ലൈംഗിക പീഡനത്തിരയാക്കിയെന്നാണ് ഇരുവരും പരാതിയില്‍ പറയുന്നു. മാനഭംഗക്കുറ്റം അടക്കം ഏഴു വകുപ്പുകള്‍ ചുമത്തിയാണ് സൗദി നയതന്ത്രജ്ഞനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. നേപ്പാള്‍ എംബസിയെയും വിവരം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആരോപണം തെറ്റാണെന്ന് സൗദി അറേബ്യയുടെ എംബസ്സി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം, നയതന്ത്രജ്ഞന്‍ മാത്രമേ പോയിട്ടുള്ളെന്നും ഭാര്യയും മക്കളും സൗദി എംബസ്സിയിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
















