ന്യൂദല്‍ഹി: രാഷ്‌ട്രം ഉറ്റുനോക്കുന്ന ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 12 മുതല്‍ നവംബര്‍ അഞ്ചു വരെ അഞ്ചു ഘട്ടമായി നടത്തും. ഒക്‌ടോബര്‍ പന്ത്രണ്ട്, ഒക്‌ടോബര്‍ 16, ഒക്‌ടോബര്‍ 28, നവംബര്‍ ഒന്ന്, നവംബര്‍ അഞ്ച് തീയതികളിലാണ് തെരഞ്ഞെടുപ്പെന്നും നവംബര്‍ എട്ടിനാണ് ഫലപ്രഖ്യാപനമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നാസിം സെയ്ദി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും അദ്ദേഹം പറഞ്ഞു.
ഇതാദ്യമായി വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം പതിക്കുമെന്നും അദ്ദേഹം പറഞ്ഞു. അപരന്മാരെ തിരിച്ചറിയാനാണിത്. നിലവിലുള്ള സഭയുടെ കാലാവധി നവംബര്‍ 29ന് കഴിയും.
243 അംഗ സഭയിലേക്കുള്ള തെരഞ്ഞെടുപ്പിലെ വോട്ടര്‍മാര്‍ 6.68 കോടിയാണ്. എല്ലാ മണ്ഡലങ്ങളിലും രണ്ടു വീതം മാതൃകാ പോളിങ് സ്‌റ്റേഷനുകള്‍ ഉണ്ടായിരിക്കും. സംഘര്‍ഷസാധ്യതയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പോലീസിനെയും കേന്ദ്ര സേനകളെയും വിന്യസിക്കും. സംസ്ഥാനത്തെ 47 മണ്ഡലങ്ങളില്‍ നക്‌സല്‍ ശല്യമുണ്ട്. അവസാന 48 മണിക്കൂറുകളില്‍ ചാനലുകള്‍ക്ക് അഭിപ്രായ വോട്ടെടുപ്പിന് വിലക്കുണ്ട്. എക്‌സിറ്റ് പോളും വിലക്കി. അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് അട്ടിമറികളും അക്രമങ്ങളും തടയാന്‍ എല്ലാ ബൂത്തുകളിലും അര്‍ദ്ധസൈനിക വിഭാഗങ്ങളെ നിയോഗിക്കും. സിആര്‍പിഎഫ്, സിഐഎസ്എഫ്, ബിഎസ്എഫ് വിഭാഗങ്ങളെ നിയോഗിക്കണമെന്ന് എല്ലാ പാര്‍ട്ടികളും ആവശ്യപ്പെട്ടിട്ടുമുണ്ട്. അദ്ദേഹം വിശദീകരിച്ചു.പണത്തിന്റെ സ്വാധീനം തടയാനും നടപടി എടുക്കും. പെയ്ഡ് ന്യൂസിനെതിരെ ശക്തമായ നിയമ നടപടി കൈക്കൊള്ളും.
രാജ്യത്തിന്റെ മൊത്തം ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ് ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാ ദള്‍(യു)വും ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള സഖ്യവും ബിജെപിയും രാംവിലാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിയും ഉപേന്ദ്ര കുശാവയുടെ ലോക്‌സമതാ പാര്‍ട്ടിയും ചേര്‍ന്നുള്ള എന്‍ഡിഎയും തമ്മിലാണ് മല്‍സരം. ബിജെപി പിന്തുണയോടെ പത്തു വര്‍ഷം ഭരിച്ച നിതീഷ് ഇക്കുറി കോടികളുടെ കാലിത്തീറ്റ അഴിമതിക്കേസില്‍ കോടതി ശിക്ഷിച്ച ലാലുവുമായി ചേര്‍ന്നാണ് മൂന്നാം ഊഴത്തിന് ഇറങ്ങുന്നത്. ഇവരുടെ സഖ്യത്തില്‍ നിന്ന് മുലായം സിംഗ് യാദവ് പിന്മാറിയത് ഇവര്‍ക്ക് കനത്തയടിയായിട്ടുമുണ്ട്.
ബീഹാറില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ശക്തമായ നിലയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സദ്ഭരണവും പ്രതിച്ഛായയും പാര്‍ട്ടിക്ക് കൂടുതല്‍ കരുത്തും പകരുന്നുണ്ട്. ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ബീഹാറിലെ 40 സീറ്റുകളില്‍ 31 എണ്ണവും നേടി ചരിത്രം കുറിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് എന്‍ഡിഎ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
നിലവില്‍ നിതീഷിന്റെ പാര്‍ട്ടിക്ക് 115 സീറ്റുകളും ബിജെപിക്ക് 91 സീറ്റുകളും ലാലുവിന് 22 സീറ്റുകളും കോണ്‍ഗ്രസിന് നാലു സീറ്റുകളുമാണ് ഉള്ളത്. 2010ല്‍ നിതീഷും ബിജെപിയും ചേര്‍ന്നായിരുന്നു മല്‍സരിച്ചത്. ഇക്കുറി ബിജെപിയില്‍ നിന്നകന്ന നിതീഷ് ലാലുവുമായി ചേര്‍ന്നാണ് മല്‍സരിക്കുന്നത്.
















