ഗുഡ്ഗാവ്: സൗദി അറേബ്യന്‍ നയതന്ത്ര പ്രതിനിധിയുടെ ഗുഡ്ഗാവിലെ വസതിയില്‍ തടവിലാക്കിയിരുന്ന അമ്മയേയും മകളേയും മോചിപ്പിച്ചു. അമ്പതും ഇരുപതും വയസുള്ള ഇവര്‍ നേപ്പാള്‍ സ്വദേശികളാണ്. വീട്ടുജോലിക്കാരായ ഇവരെ മാസങ്ങളായി വീടിനുള്ളില്‍ പൂട്ടിയിട്ട് ഉപദ്രവിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
നേപ്പാളില്‍ നിന്ന് സൗദി അറേബ്യയിലെത്തിയ യുവതിയെയും അമ്മയെയും മൂന്ന് മാസം മുമ്പാണ് ഹരിയാനയിലെ ഗുഡ്ഗാവില്‍ എത്തിച്ചത്. വീട്ടില്‍ പുതുതായി ജോലിക്കെത്തിയ സ്ത്രീയാണ് ഇക്കാര്യം മീറ്റി ഇന്ത്യയെന്ന സന്നദ്ധ സംഘടനയെ അറിയിച്ചത്. സംഘടന പോലീസുമായി ബന്ധപ്പെടുകയുമായിരുന്നു. പോലീസ് ഇവരെ മോചിപ്പിച്ച് നേപ്പാള്‍ എംബസിയിലെത്തിച്ചു. ഇവരുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ട്. വീട്ടിലെത്തുന്ന അതിഥികളും തങ്ങളെ പീഡനത്തിന് വിധേയരാക്കാറുണ്ടെന്ന് സ്ത്രീകള്‍ പറഞ്ഞു.
സംഭവത്തില്‍ വിശദമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സൗദി എംബസിയുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഇവര്‍ ലൈംഗിക പീഡനത്തിനും ഉപദ്രവത്തിനും ഇടയായിട്ടുണ്ടെന്ന് വൈദ്യപരിശോധനയില്‍ ബോധ്യപ്പെട്ടു. ആംബിയന്‍സ് ലഗൂണിലെ വസതിയില്‍ നിന്നാണ് തിങ്കളാഴ്ച രാത്രി ഇവരെ പോലീസ് മോചിപ്പിച്ചത്.
നാലു മാസത്തോളമായി സൗദി ഓഫീസറുടെ പീഡനം സഹിക്കുകയായിരുന്നുവെന്ന് സ്ത്രീകള്‍ പറഞ്ഞു. ആദ്യം സൗദിയിലെ ഹോട്ടലിലാണ് തങ്ങളെ താമസിപ്പിച്ചിരുന്നത്. മൂന്നു മാസം മുന്‍പാണ് ഇന്ത്യയില്‍ കൊണ്ടുവന്നത്. അവര്‍ തങ്ങനെ നിരന്തരം ഉപദ്രവിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ ക്രൂരമായി മര്‍ദ്ദനമായിരുന്നു ലഭിച്ചിരുന്നത്. ഭക്ഷണം പോലും നിഷേധിച്ചിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
















