പൊന്‍കുന്നം: ഗതാഗതനിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ പദ്ധതി കാഞ്ഞിരപ്പള്ളിയിലും നടപ്പാക്കുന്നു. നിയമലംഘനം നടത്തുന്നവരെ ഇനി ക്യാമറ കണ്ണുകള്‍ പിടികൂടും. കോളേജുകളുടെയും പ്ലസ് ടു സ്‌കൂളുകളുടെയും പരിസരത്തും പ്രധാന റോഡുകളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. ട്രാഫിക് നിയമലംഘനം കണ്ടെത്തി അതിവേഗം നടപടി സ്വീകരിക്കാനുള്ള മാര്‍ഗ്ഗമാകും ഈ മൂന്നാംകണ്ണ്.
നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പിന്റെ വാട്‌സ് ആപ് നമ്പറിലേക്ക് ഫോട്ടോയെടുത്ത് അയക്കാം. അധികൃതര്‍ക്ക് ബോദ്ധ്യപ്പെട്ടാല്‍ വാഹനത്തിന്റെ ഉടമയ്‌ക്കെതിരെ നടപടി എടുക്കും. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിക്കുന്നതും, ഹെല്‍മെറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിക്കുന്നതും, അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നതും, വളവില്‍വാഹനങ്ങളെ മറികടക്കുന്നതും എല്ലാം ഇനിമുതല്‍ പിടിക്കപ്പെടും. വാഹനത്തിന്റെ നമ്പര്‍ കാണാവുന്നവിധം ഫോട്ടോ എടുത്ത് അയച്ചാല്‍മതി. 8547639034 എന്ന വാട്‌സ്ആപ് നമ്പറിലോ ഇ മെയില്‍ അഡ്രസിലോ ജോയിന്റ് ആര്‍ടിഒയ്‌ക്ക് അയക്കാം. നിയമലംഘനം നടത്തിയതായി വ്യക്തമായാല്‍ സ്ഥലവും സമയവും ഏതു റോഡാണെന്നും ഫോട്ടോയോടൊപ്പം വ്യക്തമാക്കണം. കാഞ്ഞിരപ്പള്ളി ജോയിന്റ് ആര്‍.ടി.ഒ.മാത്യുവിന്റേയും, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജിത് ആന്‍ഡ്രൂസിന്റേയും, അസിസ്റ്റന്റ് എം.വിമാരായ ഗോപകുമാര്‍, മനോജ്കുമാര്‍, ഷാജിവര്‍ഗീസ് എന്നിവരുടെയും നേതൃത്വത്തില്‍ ഒരാഴ്ചക്കുള്ളില്‍ നാല്‍പ്പതോളം കേസുകള്‍ ചാര്‍ജ്ജ് ചെയ്തു.
















