ഒടുവില്‍ തദ്ദേശതെരഞ്ഞെടുപ്പ് നവംബറില്‍ നടത്താന്‍ ധാരണയായിരിക്കുന്നു. നിലവിലുള്ള ഭരണസമിതികളുടെ കാലാവധി നവംബറില്‍ തീരുന്നതിന്റെ പശ്ചാത്തലത്തില്‍ ആ മാസം തന്നെ പുതിയ ഭാരവാഹികള്‍ക്ക് സ്ഥാനം ഏറ്റെടുക്കാന്‍ കഴിയുമോ എന്നത് ഒരു പ്രശ്‌നമാണ്. പ്രാദേശിക തലത്തിലുള്ള വികസനവും ജനാഭിമുഖ്യമുള്ള പദ്ധതികളുടെയും പരിപാടികളുടെയും ആസൂത്രണമുള്‍പ്പെടെയുള്ളവയും കാര്യക്ഷമമായി മുന്നോട്ടുപോകണമെങ്കില്‍ ഊര്‍ജസ്വലമായ പ്രാദേശിക ഭരണസംവിധാനം നിലവില്‍ വരണം. എന്നാല്‍ പലതരത്തില്‍ സംസ്ഥാനത്ത് ഇത്തരമൊരു രീതി നടപ്പാവുന്നില്ല. ഓരോ കാര്യത്തിലും അമിതമായ രാഷ്‌ട്രീയ ലക്ഷ്യവും ദുഷ്ടലാക്കും സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുകയാണ്. ചുരുക്കം ചില പ്രാദേശിക ഭരണസംവിധാനങ്ങള്‍ ഇതിന് അപവാദമായുണ്ട് എന്ന് കാണാതിരിക്കുന്നില്ല. എന്നാല്‍ അവയുടെ പ്രവര്‍ത്തനരീതിയും നേട്ടവും വിസ്മരിക്കപ്പെടുകയാണ്.
ഇത്തരമൊരു സ്ഥിതിയില്‍ കാലാവധി കഴിഞ്ഞ ഭരണസംവിധാനങ്ങള്‍ക്കു പകരം പുതിയവ നിലവില്‍ വരുത്താന്‍ ആത്മാര്‍ത്ഥമായ പരിശ്രമമല്ല സര്‍ക്കാറില്‍ നിന്നുണ്ടായത്. തല്‍പരകക്ഷികളുടെ സമ്മര്‍ദ്ദത്തിന് മുമ്പില്‍ സര്‍ക്കാര്‍ നിസ്സംഗമായി നില്‍ക്കുകയാണെന്ന തോന്നല്‍ പൊതുവെ ബലപ്പെട്ടു. പ്രാദേശികതലത്തില്‍ അധികാരം പിടിച്ചെടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി അശാസ്ത്രീയമായ വാര്‍ഡ് വിഭജനം നടന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ തലങ്ങും വിലങ്ങും വെട്ടിമുറിക്കുകയായിരുന്നു. ജനങ്ങളുടെ സൗകര്യത്തിന് തരിമ്പും വിലകൊടുക്കാതെ സഖ്യകക്ഷികളുടെ ധാര്‍ഷ്ട്യവും വാശിയും വകവെച്ചു കൊടുക്കുന്ന തരത്തിലേക്ക് സര്‍ക്കാര്‍ അടിതെറ്റിവീണു. അതിന്റെ ഫലമായി തെരഞ്ഞെടുപ്പു കമ്മീഷനും സര്‍ക്കാറും കൊമ്പുകോര്‍ക്കുകയും ചെയ്തു. കമ്മീഷനു രാഷ്‌ട്രീയലക്ഷ്യമില്ലാത്തതിനാല്‍ സര്‍ക്കാറിന് അതൊരു പ്രശ്‌നമാവുകയായിരുന്നു. എന്നാല്‍ ഭരണസംവിധാനത്തില്‍ ആകെ വിള്ളല്‍ വീഴുമെന്ന സ്ഥിതി ഗുരുതരമാവുമെന്ന കാഴ്ചപ്പാടിലേക്ക് കമ്മീഷന്‍ എത്തുകയാണുണ്ടായത്. ഒരു വര്‍ഷം മുമ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാഞ്ഞതാണ് ഇപ്പോഴത്തെ പ്രശ്‌നമെന്ന് കമ്മീഷന്‍ പറഞ്ഞതില്‍ നിന്നുതന്നെ കാര്യങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ.
പുതുതായി രൂപീകരിച്ച 28 മുനിസിപ്പാലിറ്റികളെയും കണ്ണൂര്‍ കോര്‍പ്പറേഷനേയും പുനക്രമീകരിച്ച കൊല്ലം കോര്‍പ്പറേഷനേയും ചേര്‍ത്ത് ഒക്‌ടോബറിനു ശേഷം തെരഞ്ഞെടുപ്പു നടത്താന്‍ തീരുമാനിച്ചതോടെ മറ്റുചില പ്രശ്‌നങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ നവംബര്‍ ആദ്യവാരം ഭരണസമിതികള്‍ ചുമതലയേല്‍ക്കുന്ന തരത്തില്‍ തെരഞ്ഞെടുപ്പു നടത്താനാവില്ല. പുതിയ നടപടിക്രമപ്രകാരം വോട്ടെടുപ്പു നടന്നാല്‍ ഡിസംബര്‍ ആദ്യവാരത്തിലേ ഭരണസമിതിക്ക് ചുമതലയേല്‍ക്കാനാവൂ. നവംബറില്‍ തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ സ്വാഭാവികമായും മറ്റു ചില ബുദ്ധിമുട്ടുകളുണ്ട്. ശബരിമല തീര്‍ത്ഥാടന വേളയാണ് നവംബര്‍, ഡിസംബര്‍ മാസങ്ങള്‍. ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കേണ്ട അവസ്ഥയാവും വന്നുചേരുക. ഇതിലുള്ള ആശങ്ക ബിജെപി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാപരമായി ജനങ്ങള്‍ക്കുള്ള ജനാധിപത്യാവകാശത്തെ ഹനിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഓരോ കാലത്തും അധികാരത്തിലുള്ള സര്‍ക്കാറുകള്‍ അവരുടെ രാഷ്‌ട്രീയലക്ഷ്യം കണ്ടെത്താനായി വാര്‍ഡ് വിഭജനവും പുനക്രമീകരണവും നടത്തുകയാണ്. അങ്ങനെ പ്രാഥമിക തലത്തിലുള്ള ജനാധിപത്യ പ്രക്രിയ അട്ടിമറിക്കുകയാണ്. അത് പിന്നീട് നിയമസഭാതലത്തിലും പാര്‍ലമെന്റ് തലത്തിലും എത്തുന്നു. ഒരു തുടര്‍നടപടിക്രമമായി തെരഞ്ഞെടുപ്പു സ്ഥിതിഗതികളെ മാറ്റിമറിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ സത്ത തന്നെയാണ് ചോര്‍ന്നുപോകുന്നത്. ഭരണഘടനാശില്‍പികളുടെ ആത്യന്തികമായ പ്രതീക്ഷയും വിശ്വാസവും നഷ്ടപ്പെടുത്തുന്നതിലൂടെ ഒരു സമൂഹത്തെ വെറും വോട്ടുകുത്തുന്ന യന്ത്രമായി മാറ്റുകയാണ്. ഈ നാടകത്തിന് അവസാനമുണ്ടാവണമെങ്കില്‍ ജനാധിപത്യബോധമുള്ള സമൂഹം ജാഗ്രതയോടെ തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിക്കണം. രാഷ്‌ട്രീയ ദുഷ്ടലാക്കിന് അതുതന്നെയാണ് മരുന്ന്.
















