പേപ്പട്ടികളുടെ കടിയേറ്റ് ആയിരക്കണക്കിന് മനുഷ്യരാണ് ഭാരതത്തില്‍ മരിക്കുന്നത്. പല ആശുപത്രികളിലും പേപ്പട്ടിവിഷത്തിനെതിരെയുള്ള ചികിത്സയ്‌ക്ക് വാക്‌സിന്‍ ലഭ്യമല്ല എന്ന പരാതി നിലനില്‍ക്കുന്ന കേരളത്തില്‍ വീട്ടുമുറ്റത്തും അംഗണവാടികളിലും കളിച്ചുകൊണ്ടിരിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ ഓമനമുഖങ്ങള്‍ ഒരു പ്രകോപനവും ഇല്ലാതെ തെരുവുപട്ടികള്‍ കടിച്ചുകീറുന്നു. ഈ വിപത്തിനെതിരെ വെറുതെ അധരവ്യായാമം നടത്തിയതു കൊണ്ടായില്ല. പ്രായോഗികമായ പോംവഴി ചിന്തിക്കണം. വന്ധ്യംകരണത്തിലൂടെ തെരുവുപട്ടികളുടെ എണ്ണം കുറയ്‌ക്കാമെന്നത് അപ്രായോഗികമാണ്. പട്ടികളെ കോല്ലാന്‍ മേനകാ ഗാന്ധി സമ്മതിക്കുകയുമില്ല.
പ്രജനനകാലഘട്ടങ്ങളില്‍ ഒരു പെണ്‍പട്ടിയുടെ പിന്നാലെ നടക്കുന്നത് അനേകം ആണ്‍പട്ടികളാണ്. അതില്‍ ഒരു ശുനകനെ പിടിച്ച് വന്ധ്യംകരണം നടത്തുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. പെണ്‍പട്ടികളുടെ ഉല്‍പ്പാദന ശേഷിയാണ് ഇല്ലാതാക്കേണ്ടത്.
തെരുവുപട്ടികളെ നായ് മാംസം തിന്നുന്ന ജനങ്ങളുള്ള നാടുകളിലേക്ക് കയറ്റി അയക്കാന്‍ പറ്റുമോ എന്ന് ആലോചിക്കണം. ചൈന, കൊറിയ, മെക്‌സിക്കൊ, ഫിലിപ്പൈന്‍സ്, പോളിനേഷ്യ, തൈവാന്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലും സ്വിറ്റ്‌സെര്‍ലാന്റിലെ രണ്ട് പ്രവിശ്യകളിലും ധ്രുവപ്രദേശങ്ങളിലും ഭാരതത്തിലെ ലഡാക്കിലും നാഗാലാന്റിലും പട്ടിയിറച്ചി തിന്നുന്നവരുണ്ട്.മീറ്റ് പ്രോഡക്ട്‌സ് ഇന്‍ഡ്യയെ ഈ ചുമതല ഏല്‍പ്പിക്കാം. ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാത്ത അടുമാടുകളെയും പന്നികളെയും ഒക്കെ കൊന്ന് കയറ്റി അയക്കാമെങ്കില്‍ മനുഷ്യനെ കൊല്ലുന്ന തെരുവുപട്ടികളെ എന്തുകൊണ്ട് കയറ്റി അയച്ചുകൂടാ. വീട്ടുനായ്‌ക്കളെ സ്‌നേഹപൂര്‍വ്വം പരിപാലിക്കുകയും തെരുവുനായ്‌ക്കളെ ഇല്ലാതാക്കുകയും ചെയ്യുന്നതാകണം സമൂഹത്തിന്റെ ‘നായ നയം’.
ഡോ.ഗോപിനാഥ് പനങ്ങാട്, കൊച്ചി
















