പ്രായം മറന്ന് പൊതുജനങ്ങള്‍ക്കുനേരെ ‘എടാപോടാ’ വിളികള്‍ നടത്തുന്നതും അസഭ്യം പറയുന്നതും ഒഴിവാക്കണമെന്ന ഡിജിപിയുടെ നിര്‍ദ്ദേശംഅഭിനന്ദനാര്‍ഹമാണ്. ‘മൃദു ഭാവെ ദൃഢകൃത്യേ’ എന്ന പോലീസിന്റെ ആപ്തവാക്യം നടപ്പാക്കുവാനാണ് അദ്ദേഹം ശ്രമിക്കുന്നത്.മുന്‍പ് പോലീസുകാരുടെ പ്രധാന യോഗ്യത പൊക്കവും വണ്ണവുമായിരുന്നു.
വിദ്യാഭ്യാസം പിന്നീടേയുള്ളൂ. അപ്പൂപ്പനാകാന്‍ പ്രായമുള്ളവരെപ്പോലും എടാ എന്ന് വിളിച്ചിരുന്നത്. സഹൃദയരായ കുറ്റവാളികള്‍ പോലീസുകാരുടെ പ്രത്യേക കഴിവുകള്‍ക്കനുസരണമായി ഓരോ വിശേഷണങ്ങള്‍ പേരിനൊപ്പം ചാര്‍ത്തിക്കൊടുത്തിരുന്നു. അങ്ങനെയാണ് ഇരുട്ടടി കുട്ടന്‍പിള്ള, കടുവാ മമ്മദ്, ഇടിയന്‍ മത്തായി, നടയടി നാരായണന്‍ എന്നീ പേരുകള്‍ പ്രസിദ്ധമായത്. പോലീസ് വണ്ടിയെ ‘ഇടിവണ്ടി’യെന്നും നാട്ടുകാര്‍ വിളിച്ചിരുന്നു.
പൊതുജനങ്ങളും പോലീസും തമ്മിലുള്ള അകല്‍ച്ച കുറയ്‌ക്കുന്നതിനുള്ള ഡിജിപി നിര്‍ദ്ദേശം പ്രശംസനീയമാണ്. കേരളാ പോലീസിന്റെ വൈദഗ്‌ദ്ധ്യം തെളിയിക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. അവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കുകയാണു വേണ്ടത്. നൂറ്റാണ്ടുമുമ്പുള്ള പോലീസ് സേനയുടെ സങ്കല്‍പ്പം മാറ്റി ആദരവിന്റെയും സേവനത്തിന്റെയും മുഖമുദ്ര അവര്‍ ഇനി അണിയണം.
















