കരുനാഗപ്പള്ളി: കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റിയുടെ കീഴില്‍ ഉദ്ഘാടനം കഴിഞ്ഞ മാലിന്യപ്ലാന്റ് പ്രവര്‍ത്തിക്കുന്നില്ല. അയണിവേലികുളങ്ങര വില്ലേജില്‍ രണ്ടേക്കറോളം വരുന്ന സ്ഥലം മാലിന്യ നിക്ഷേപത്തിന് മുന്‍സിപ്പാലിറ്റി ഏറ്റെടുത്തിരുന്നു. അവിടെ സ്ഥാപിച്ചിരിക്കുന്ന പ്ലാന്റുകളാണ് ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായത്. അതേ സമയം സ്ഥലത്ത് മുന്‍സിപ്പാലിറ്റിയുടെ മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ള മാലിന്യം തള്ളുകയാണ്. ഇതിനെതിരെ നാട്ടുകാര്‍ ശക്തമായ നിയമനടപടിക്കൊരുങ്ങുകയാണ്. ഇവിടെ എത്തിക്കുന്ന മാലിന്യങ്ങളെ ജൈവ, പ്ലാസ്റ്റിക് എന്നി ക്രമത്തില്‍ വേര്‍തിരിച്ച് സംസ്‌കരിക്കുമെന്നായിരുന്നു മുന്‍സിപ്പാലിറ്റി നാട്ടുകാര്‍ക്ക് നല്‍കിയിരുന്ന ഉറപ്പ്. എന്നാല്‍ നാട്ടുകാര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാതെയാണ് മുന്‍സിപ്പാലിറ്റി അധികൃതര്‍ ഇവിടെ നിലവില്‍ മാലിന്യം നിക്ഷേപിക്കുന്നത്. പ്ലാന്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ ഇവിടെ എത്തിക്കുന്ന മാലിന്യങ്ങള്‍ അഴുകി സമീപത്തെ വീടുകളിലെ കിണറ്റിലെക്ക് ഇറങ്ങി കുടിവെള്ളം മലിന്യമാകുകയാണ്. പ്രദേശത്ത് താമസിക്കുന്ന നൂറോളം വീടുകളെ ഈ പ്രശ്‌നം സാരമായി ബാധിച്ചിരിക്കുന്നു. മാലിന്യകൂമ്പാരത്തിലെ മാംസവശിഷ്ടങ്ങള്‍ പട്ടികളും പക്ഷികളും വീട്ടുപരിസരങ്ങളില്‍ കൊണ്ടിടുന്നതും പതിവാകുകയാണ്. പ്രദേശവാസികള്‍ക്കിടയില്‍ ത്വക്ക് രോഗങ്ങളടക്കമുള്ള പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കുകയാണ്. കൊച്ചുകുട്ടികളടക്കം നിരവധിപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അധികൃതരുടെ ഭാഗത്ത് നിന്ന് പ്രശ്ശനത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികള്‍. ഇതിന് വേണ്ടി ജനകീയ സമിതി രൂപീകരിച്ചതായി അഡ്വ.കെ.സജുകിരണ്‍ പറഞ്ഞു.
















