ആലുവ: ആസാമില്‍ നിന്നും കന്യാകുമാരിയിലേക്ക് വന്ന ട്രെയിനില്‍ ആസാം സ്വദേശിനിയായ 25കാരിക്ക് നേരെ പീഡനശ്രമം. ആലുവ ജില്ലാ ആശുപത്രിയിലും പിന്നീട് കളമശേരി മെഡിക്കല്‍ കോളേജിലും യുവതി ചികിത്സ തേടി.
ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ ആലുവയിലെത്തിയ ട്രെയിനിലായിരുന്നു സംഭവം. കളമശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിക്കൊപ്പം മറ്റൊരു യുവതിയുമുണ്ടായിരുന്നു. പീഡനശ്രമം ചെറുത്തതിനെ തുടര്‍ന്ന് പ്രതികള്‍ അടുത്ത സ്‌റ്റേഷനില്‍ ഇറങ്ങിപ്പോയെന്നും യുവതി റെയില്‍വേ പോലീസിനോട് പറഞ്ഞു. ചൊവ്വാഴ്ച രാത്രി പത്തിനും 11നും ഇടയിലാണ് സംഭവമെന്ന് ഇവര്‍ പറയുന്നു. രാത്രിയായതിനാല്‍ സ്ഥലം വ്യക്തമായില്ലെന്നും പറയുന്നു. അതേസമയം ഈറോഡിനും കോയമ്പത്തൂരിനും ഇടയിലായിരിക്കും സംഭവമെന്നാണ് റെയില്‍വേ പോലീസിന്റെ നിഗമനം.
സംഭവത്തിന് ശേഷവും അടുത്ത സ്‌റ്റേഷനില്‍ പരാതി അറിയിക്കാതെ യുവതികള്‍ ആലുവയിലെത്തുകയായിരുന്നു. ഇവിടെയും റെയില്‍വേ പോലീസിനെയോ റെയില്‍വേ അധികൃതരെയോ വിവരം ധരിപ്പിക്കാതെ സ്വന്തം നിലയില്‍ ആശുപത്രിയിലെത്തുകയായിരുന്നു. എറണാകുളം റെയില്‍വേ പോലീസ് മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം സംഭവം നടന്നുവെന്ന് പറയപ്പെടുന്ന സ്‌റ്റേഷന്‍ പരിധിയിലെ റെയില്‍വേ പോലീസിന് കൈമാറും.
















