731. സുരലോകനമസ്‌കൃതാ – ദേവന്മാരാല്‍ നമസ്‌ക്കരിക്കപ്പെടുന്നവള്‍. ഭൂമിയില്‍ മനുഷ്യര്‍ ഗോക്കളെ സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും രൂപമായി ആരാധിക്കുന്നു. ഗോക്കളുടെ ദര്‍ശനവും ഗോക്കളുടെ കുളമ്പടിയേറ്റു ഭൂമിയില്‍നിന്നുയരുന്ന ഗോധൂളി ശരീരത്തിലേക്കുന്നതും പുണ്യമായി കണക്കാക്കുന്നു. എല്ലാ ഗോക്കളുടെയും മാതാവും സ്വര്‍ലോകത്തിന്റെ എല്ലാ ഐശ്വര്യത്തിനും ആധാരവുമായ സുരഭിയെ ദേവന്മാര്‍ മാതാവായി ആരാധിക്കുന്നു.
732. ക്ഷീരദാ – ക്ഷീരം തരുന്നവള്‍. ക്ഷീരം എന്ന പദത്തിന്റെ ഏറ്റവും പ്രമുഖമായ അര്‍ത്ഥം പാല്‍ എന്നാണ്. ക്ഷരിക്കുന്നതു ക്ഷീരം എന്നാണ് നിഷ്പത്തി. ”ക്ഷീരം ക്ഷരതേ” എന്ന് യാ സ്ത നിരുക്തം. ഒഴുകുന്നതെല്ലാം ക്ഷീരം എന്നര്‍ത്ഥം. നമ്മുടെ സാമാന്യവ്യവഹാരത്തില്‍ ‘ജലം’ എന്ന അര്‍ത്ഥംകൂടി സ്വീകരിക്കാം. പണ്ട് ദേവന്മാരും അസുരന്മാരും ചേര്‍ന്ന് ക്ഷീരസാഗരം കടഞ്ഞപ്പോള്‍ അതില്‍നിന്ന് കാമധേനുവും ഉണ്ടായി. ‘ക്ഷരീരദാ’ എന്ന പദം കാമധേനുവിന്റെ പേരായി സ്വീകരിച്ചാല്‍ അര്‍ത്ഥി കാമധേനുവിനോട് എന്താവശ്യപ്പെടുന്നുവോ അതെല്ലാം ക്ഷീരമായി കണക്കാക്കണം. ജീവികള്‍ക്കു ജീവനമായ ജലം നല്‍കുന്നവള്‍ എന്നും വ്യാഖ്യാനിക്കാം.
















