കൗശികന് വിദ്യനേടിയ ഗുരുവിന്റെ ഒപ്പംതന്നെകൂടി. ഒരിക്കല്‍ ഒരുവൃക്ഷച്ചുവട്ടില്‍ ഇരുന്ന് വേദം പഠിയ്‌ക്കവെ ഏതോ പക്ഷിവന്ന് കാഷ്ഠിച്ചു. കൗശികന്‍ നോക്കിയപ്പോള്‍ ഒരുപക്ഷി മരത്തില്‍ ഇരുപ്പുണ്ട്. അതാവും തന്റെ മേല്‍ കാഷ്ഠിച്ചതെന്ന് കരുതി ജ്വലിയ്‌ക്കുന്ന വിധം നോക്കിയപ്പോള്‍ ആപക്ഷികത്തിക്കരിഞ്ഞുവീണു. അതില്‍ മനസ്താപം തോന്നിയ കൗശികന്‍ പിന്നീട് അവിടം വിട്ട് അലയാന്‍ തുടങ്ങി.
വിശന്നപ്പോള്‍ ഒരു വീട്ടില്‍ ചെന്നുകയറി. അവിടുത്തെ വീട്ടമ്മ ഭക്ഷണം തരാം കുറച്ചുനേരം ഇരിയ്‌ക്കാന്‍ പറഞ്ഞു. അതിനിടയില്‍ വന്ന അവരുടെ ഭര്‍ത്താവിന് അവര്‍ ഭക്ഷണം നല്‍കി. പിന്നെയാണ് കൗശികന് ഭക്ഷണം നല്‍കാന്‍ മുതിര്‍ന്നത്. അതാകട്ടെ കൗശികന് ഒട്ടും ഇഷ്ടപ്പെട്ടില്ല. ധര്‍മ്മമെന്തന്നറിയാത്ത നിങ്ങളുടെ ഭിക്ഷ എനിക്കുവേണ്ട എന്നുപറഞ്ഞ് നടക്കാന്‍ തുടങ്ങി. ധര്‍മ്മബോധമില്ലാത്ത നിങ്ങള്‍ ധര്‍മ്മത്തെപറ്റി പറയുന്നോ. ധര്‍മ്മത്തെ അറിയാന്‍ ധര്‍മ്മവ്യാധനെ പഠിച്ചുവരൂ! വീട്ടമ്മ പറഞ്ഞു.
കൗശികന്‍ മിഥിലയിലെ ധര്‍മ്മവ്യാധനെ ചെന്ന് കണ്ടു. അയാള്‍ ഒന്നാന്തരം ഇറച്ചി കച്ചവടക്കാരനായിരുന്നു. മാലപോലെ മാംസം തൂക്കിയിട്ടിരിയ്‌ക്കുന്നു. കടയിലേയ്‌ക്കുചെന്ന കുമാരനെനോക്കി അത്ഭുതത്തോടെ കച്ചവടക്കാരന്‍ നോക്കി. മിണ്ടാപ്രാണികളെ ഹിംസിക്കുന്നത് ക്രൂരതയല്ലേ എന്നചോദ്യത്തിന് അയാള്‍ പറഞ്ഞു. ആരാണ് ഹിംസനടത്താത്തത്. ഓരോ ചവിട്ടടിയിലും പെട്ട് എത്ര എത്ര ജന്തുക്കളാണ് മരിയ്‌ക്കുന്നത്.
അതുപോകട്ടെ അങ്ങ് വന്നതെന്തിനാണ്. ധര്‍മ്മത്തിനെ കുറിച്ച് അറിയാനാണ്. അയാള്‍ പറഞ്ഞു ഞാന്‍ കുടുംബം പോറ്റാനാണ് കച്ചവടം ചെയ്യുന്നത്. ആരുടേയും മുതല്‍ ആപഹരിക്കാതെയാണ് ഞാന്‍ ജീവിയ്‌ക്കുന്നത്. പിന്ന കൗശികനെ തന്റെ വീട്ടിലേയ്‌ക്ക് കൊണ്ടുപോയി. അവിടെ തളര്‍ന്നുകിടക്കുന്ന മാതാപിതാക്കളെ കാണിച്ചുകൊടുത്തു. ഇവരെ ശുശ്രൂഷിക്കവെ എനിയ്‌ക്ക് കിട്ടുന്ന അറിവ് ഇവരില്‍ നിന്നാണ്.
പാണ്ഡിത്യം നേടാന്‍ മാതാപിതാക്കളെ മറന്ന് വീട്ടില്‍നിന്ന് പോന്നവനാണ്താന്‍. ഭക്ഷണം തരാന്‍ അമാന്തം കാണിച്ച സ്ത്രീയോട് കയര്‍ത്തു. അവരുടെ ധര്‍മ്മമായിരുന്നു ഭര്‍തൃ ശുശ്രൂഷ. അതവര്‍ ഭംഗിയായി നടത്തുന്നു. കുട്ടികളെ പരിപാലിയ്‌ക്കുന്നത് അമ്മയുടെ ധര്‍മ്മമാണ്. പ്രായമായവരെ ശ്രുശ്രൂഷിയ്‌ക്കുക പുത്ര ധര്‍മ്മമാണ്. ഇനി മാതാപിതാക്കളെ ശുശ്രൂഷിയ്‌ക്കുന്നതാവണം തന്റെ ധര്‍മ്മമെന്ന് കൗശികന്‍ തിരിച്ചറിഞ്ഞു.
















