ക്ഷേത്രകലകളില്‍ കേള്‍ക്കാന്‍ ഏറ്റവും ഇമ്പം പഞ്ചവാദ്യമാണെന്നാണ് വലിയപക്ഷവും പറയുന്നത്. വിവിധവാദ്യങ്ങള്‍ ചേര്‍ന്ന് ഇന്നു കേള്‍ക്കുന്ന ഈ പഞ്ചവാദ്യത്തിന് പഴക്കം അത്രയേറെ ഇല്ലെന്നത് യാഥാര്‍ത്ഥ്യമാണ്.
എറണാകുളം ജില്ലയും അതോട് ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളിലും ഉത്സവക്കാലത്ത് ഇടയ്‌ക്ക പ്രദക്ഷിണം നിലവിലുണ്ട്. രണ്ടുവരി അഷ്ടപദി പാടിയശേഷം ഇടയ്‌ക്കയില്‍ കൂറ് കൊട്ടിത്തുടങ്ങുന്ന ഇടയ്‌ക്ക പ്രദക്ഷിണമാണ് പില്‍ക്കാലത്ത് പഞ്ചവാദ്യത്തിലേക്ക് വികസിച്ചുവന്നത്.
ഒരു മണിക്കൂറില്‍ അധികമൊന്നും പ്രയോഗ സാധ്യതയില്ലാത്ത ഈ കലയെ പലകാലത്തായി വികസിപ്പിച്ചു. ബുദ്ധിമാന്മാരായ വാദ്യ വിശാരദന്മാരാണ് ഈ പ്രയത്‌നത്തില്‍ ഉള്‍ച്ചേര്‍ന്നത്. മൂന്ന് മണിക്കൂര്‍വരെ പ്രയോഗിക്കാം എന്നവിധത്തില്‍ ഇത് വലുതായി.
മനോധര്‍മ്മ പ്രകടനത്തിന് ധാരാളം വക ഇതില്‍ കണ്ടെത്താം എന്നത് വസ്തുത തന്നെയാണ്. അതിനാല്‍ തന്നെ പഞ്ചവാദ്യത്തില്‍ പുരോഗമനപരമായ നീക്കങ്ങള്‍ തുടരും. രാമമംഗലത്ത് നിന്നുമാണ് പഞ്ചവാദ്യത്തിന്റെ തുടക്കം ഉണ്ടായതെന്നാണ് പറയപ്പെടുന്നത്.
















