ആലുവ: മദ്യപിച്ചെത്തി അധികൃത പണപ്പിരിവ് തടഞ്ഞതിന്റെ പേരില്‍ പഞ്ചായത്തംഗത്തേയും അനുജനേയും മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ പോലീസ് പിടിയിലായി. പേങ്ങാട്ടുശ്ശേരി കാവലംകുഴി വീട്ടില്‍ ജോസ് മാത്യു (25) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം ചുണങ്ങുംവേലി മുളയംകോട് കനാല്‍ പാലത്തിനു സമീപമായിരുന്നു മര്‍ദ്ദനം.
എടത്തല പഞ്ചായത്തംഗം ഷെബീര്‍, അനുജന്‍ സാദിഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാദിഖിന്റെ കെട്ടിടത്തില്‍ താമസിക്കുന്ന അന്യ സംസ്ഥാന ജീവനക്കാരെ തടഞ്ഞു നിറുത്തി ജോസ് മാത്യുവും സംഘവും പണം ചോദിക്കുകയായിരുന്നുവെന്നാണ് പരാതി. പണം നല്‍കാനാവില്ലെന്ന് പറഞ്ഞതോടെ ഇത് പിടിച്ചു വാങ്ങാനുള്ള ശ്രമമായി. ഇതിനെ പറ്റി ചോദിക്കാനെത്തിയ സാദ്ദിഖിനെ കമ്പി വടി കൊണ്ട് അടിച്ച് തലയ്‌ക്ക് പരിക്കേല്‍പ്പിച്ചു. സംഭവമറിഞ്ഞെത്തിയ ഷെബീറിനും മര്‍ദ്ദനമേറ്റു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് എസ്.ഐ പി.എ. ഫൈസല്‍ പറഞ്ഞു.
















