ആലുവ: ഓണവിപണിയിലേക്ക് കള്ളനോട്ട് ഒഴുകുന്നു. കഴിഞ്ഞ ദിവസം ആലുവയില്‍ കള്ളനോട്ട് വിതരണം ചെയ്ത രാജസ്ഥാന്‍ സ്വദേശിയെ പിടികൂടിയതോടെയാണ് ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. മൂന്നുപേരാണ് ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. മുംബൈയില്‍നിന്ന് കോസ്‌മെറ്റിക് സാധനങ്ങള്‍ കൊണ്ടുവന്ന് കൊച്ചിയില്‍ വില്‍പ്പന നടത്തുന്നവരാണ് ഇവര്‍. ഇവരില്‍ ഒരാള്‍ കൊച്ചിയില്‍ കടയും നടത്തുന്നുണ്ട്. കച്ചവടത്തിനിടയില്‍ തങ്ങള്‍ക്ക് കിട്ടിയതാണ് നോട്ടുകളെന്നാണ് ഇവര്‍ വെളിപ്പെടുത്തിയിട്ടുള്ളത്. കള്ളനോട്ടാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഇവര്‍ മാറിയെടുക്കാന്‍ ശ്രമം നടത്തുകയായിരുന്നു. ഇവരില്‍നിന്നും പിടിച്ചെടുത്ത 19 ഓളം നോട്ടുകള്‍ കള്ളനോട്ടുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. യഥാര്‍ത്ഥ നോട്ടുകളുമായി വളരെയേറെ സാമ്യമുണ്ടെന്നതിനാല്‍ ഇത് പാക്കിസ്ഥാനില്‍ അച്ചടിച്ചതാകാമെന്നാണ് സംശയിക്കുന്നത്. ഇവര്‍ ആലുവയില്‍ വ്യാപകമായി കള്ളനോട്ടുകള്‍ വിറ്റഴിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നു. കേസിന്റെ തുടരന്വേഷണം കള്ളനോട്ട് കേസുകള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക വിഭാഗത്തിന് കൈമാറും.
















