കൊളംബോ: ലങ്കയില്‍ എത്തിയതു മുതല്‍ വേട്ടയാടുന്ന പരുക്ക് രണ്ട് ഇന്ത്യന്‍ താരങ്ങളെ കൂടി നാട്ടിലേക്കു മടക്കി. ഓപ്പണര്‍ ശിഖര്‍ ധവാനു പിന്നാലെ മറ്റൊരു ഓപ്പണര്‍ എം. വിജയ്‌യും, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയുമാണ് നാട്ടിലേക്കു മടങ്ങിയത്. മലയാളി താരം കരുണ്‍ നായരും, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നമന്‍ ഓജയും പകരക്കാര്‍. മൂന്നാം ടെസ്റ്റിനു മുന്‍പ് ഇരുവരും ലങ്കയിലെത്തും.
കാല്‍ ഞെരമ്പിനേറ്റ പരുക്കാണ് വിജയ്‌ക്കും സാഹയ്‌ക്കും വിനയായത്. പരുക്കില്‍നിന്നു പൂര്‍ണമായും സുഖപ്പെടാതിരുന്ന വിജയ് ആദ്യ ടെസ്റ്റ് കളിച്ചില്ല. ധവാനു പകരം രണ്ടാം ടെസ്റ്റില്‍ കളിച്ച വിജയുടെ പരുക്ക് വീണ്ടും ഗുരുതരമായി.
സാഹയ്‌ക്കും ഈ മത്സരത്തിനിടെയാണ് പരുക്കേറ്റത്. ഇന്ത്യയുടെ രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ്ങിനിടെ സാഹ മടങ്ങി. ലങ്കയുടെ രണ്ടാമിന്നിങ്‌സില്‍ കെ.എല്‍. രാഹുലാണ് വിക്കറ്റിനു പിന്നില്‍ ഗ്ലൗ അണിഞ്ഞത്.
ആഭ്യന്തര ക്രിക്കറ്റിലെ മിന്നും താരങ്ങളാണ് കരുണും നമനും. കര്‍ണാടക താരമായ കരുണ്‍ വയനാട്ടില്‍ ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ ചതുര്‍ദിനത്തില്‍ സെഞ്ചുറി നേടി. കരുണിന്റെ മികവില്‍ തോല്‍വിയില്‍നിന്നു രക്ഷപ്പെട്ടു ഇന്ത്യ എ.
മധ്യപ്രദേശ് താരമായ നമന്‍ ഓജ രണ്ടാം തവണയാണ് ഇന്ത്യന്‍ ടീമിലെത്തുന്നത്. 2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ സാഹയ്‌ക്കു പകരം നമന്‍ ടീമിലെത്തിയിരുന്നു. എന്നാല്‍, കളിക്കാന്‍ അവസരം ലഭിച്ചില്ല. അന്ന്, നായകന്‍ എം.എസ്. ധോണിയായിരുന്നു ഒന്നാം വിക്കറ്റ് കീപ്പര്‍.
















