ശ്രാവണമാസത്തിലെ പൗര്‍ണ്ണമിയിലാണ് യജൂരൂപാകര്‍മ്മമെന്ന വൈദികകര്‍മ്മം യജുര്‍വേദികള്‍ അനുഷ്ഠിക്കുന്നത്. ആഗസ്റ്റ് 29നാണ് ആ മഹാപുണ്യദിനം.
അവിട്ടം നക്ഷത്രത്തിലോ നാളിനോട് അനുബന്ധിച്ചാണ് വിശേഷപ്പെട്ട ഈ വൈദികര്‍മ്മം നടക്കുന്നു എന്നതിനാല്‍ ആവണിഅവിട്ടമെന്ന നാമധേയം സ്വന്തമായി. ഗുരുമുഖത്തുനിന്ന് മന്ത്രവിദ്യ അഭ്യസിച്ചതിന് കാലപഴക്കത്തില്‍ ശക്തികുറഞ്ഞുപോകുന്നതു തടയാന്‍ അദ്ധ്യയനം ചെയ്ത മന്ത്രങ്ങളുടെ നവീകരണമാണ് ഉപാകര്‍മ്മം. ഉത്‌സര്‍ജനകര്‍മ്മം ചെയ്യാത്തതിനുള്ള പ്രായ്ശ്ചിത്തമാണീ പുണ്യദിനത്തില്‍ നിര്‍വഹിക്കുന്ന കാമോകാര്‍ഷീത്ജപം.
മഹാസങ്കലം, സ്‌നാനം, പുതിയ പൂണൂല്‍ധാരണം, കാണ്ഡഋഷിതര്‍പ്പണം, ബ്രഹ്മയജ്ഞം, വിദ്യാരംഭം എന്നിവ ഉപാകര്‍മ്മത്തിലെ മുഖ്യചടങ്ങുകളാണ്. ബ്രഹ്മയജ്ഞം നിത്യേന ചെയ്യേണ്ട കര്‍മ്മമാ
ണ്. മഹാസങ്കലമാകട്ടെ ദേശകാലങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട്. അദ്ധ്യായോപാകര്‍മ്മം ചെയ്യുകയാണെന്ന പ്രഖ്യാപനവുമാണ്. ഈ സങ്കലത്തിലൂടെ പ്രപഞ്ചത്തില്‍ ഭൂമിയുടെ സ്ഥിതിയും ദേശത്തിന്റെ സ്ഥാനവും പരിപാവനതയും സ്മരിക്കപ്പെടും. അനേകം മഹാഋഷീശ്വരന്മാര്‍ക്കും പുണ്യാത്മാക്കള്‍ക്കും ജന്മം നല്‍കിയ ജന്മഭൂമി പുണ്യഭൂമിയും കര്‍മ്മഭൂമിയുമാണ്.
പുണ്യക്ഷേത്രങ്ങളും പുണ്യതീര്‍ത്ഥങ്ങളും നിറഞ്ഞ ഭാരതത്തില്‍ ഈശ്വരചൈതന്യം നിറഞ്ഞു തുളുമ്പുന്നു. മഹിതമായ ദേശത്തില്‍ ആ വിദ്യാവാസനകൊണ്ട് പ്രവര്‍ത്തിക്കുന്ന സംസാരചക്രത്തില്‍ കര്‍മ്മഗതിക്കനുസരിച്ച് പശു-പക്ഷി- മൃഗാദികളായ ജന്മങ്ങളെടുത്ത് ജനനമരണങ്ങളില്‍ കുടുങ്ങി ഏതോ പുണ്യകര്‍മ്മത്താല്‍ മനുഷ്യനായിട്ടും അതില്‍ ബ്രാഹ്മണനായിട്ടും ജനിച്ച് ബാല്യ-കൗമാര-യൗവന- വാര്‍ദ്ധക്യ കാലങ്ങളില്‍ മനസാ വാചാ കര്‍മ്മണാ കാമ ക്രോധ ലോഭാദികളാല്‍ ചെയ്യപ്പെട്ട എല്ലാപാതകങ്ങള്‍ക്കും, അറിഞ്ഞോ അറിയാതെയോ ചെയ്ത എല്ലാ തെറ്റുകള്‍ക്കും പ്രായശ്ചിത്തമായി ഇന്ന കാലപ്രദേശം- സംവത്സരം- ശ്രാവണ പൗര്‍ണ്ണമി ദിനത്തില്‍ അദ്ധ്യായോപാ കര്‍മ്മം ചെയ്യുന്നുവെന്ന സങ്കല്‍പ്പിക്കലാണ് മഹാസങ്കലനം. സങ്കലാനന്തരമുള്ള സ്‌നാനമെന്ന അനുഷ്ഠാനം വളരെ പുണ്യദായകമത്രേ. ബ്രഹ്മാദിദേവന്മാര്‍, മരീച്യാദിഋഷികള്‍, ബ്രഹ്മവാദികള്‍, വേദങ്ങളുമെല്ലാം ഉപാകര്‍മ്മസ്‌നാനം ചെയ്യുന്നവരോടൊപ്പം സ്‌നാനം ചെയ്യുമെന്ന് സ്മൃതിയില്‍ പറയുന്നു.
സ്‌നാനത്തിനു ശേഷമുള്ള നൂതനയജ്ഞോപവീതധാരണം മുഖ്യചടങ്ങാണ്. പൂണൂല്‍, കടീസൂത്രം, കൗപീനം, വസ്ത്രം എന്നിവ പുതിയവ ധരിക്കണമെന്ന് സ്മൃതി അനുശാസിക്കുന്നു.
തുടര്‍ന്ന് കാണ്ഡഋഷിതര്‍പ്പണമാണ്. പ്രാജാപത്യം, സൗമ്യം, ആഗ്നേയം, വൈശ്വദേവം എന്നീ നാലു കാണ്ഡങ്ങളായിട്ടാണ് കൃഷ്ണയജൂര്‍വേദത്തെ തിരിച്ചിരിക്കുന്നത്. സ്വയംഭൂവമെന്ന ഒരു കാണ്ഡം കൂടിയുണ്ടെന്ന വാദവും പ്രചാരത്തിലുണ്ട്. ഓരോ കാണ്ഡത്തിന്റേയും ഋഷിമാര്‍ ക്രമത്തില്‍ പ്രണപതി, സോമന്‍, അഗ്നി, വിശ്വേദേവന്മാര്‍, ബ്രഹ്മം എന്നിവരാണ്. തിലാക്ഷതത്തോടുകൂടി തര്‍പ്പണം. കാണ്ഡഋഷികള്‍ക്കൊപ്പം ഉപനിഷത്‌ദേവതകളേയും, സദസസ്പതികളേയും തര്‍പ്പിക്കുന്നു. സ്‌നാനം കഴിഞ്ഞുള്ള യജ്ഞോപവീതധാരണവും കാണ്ഡഋഷിതര്‍പ്പണവുമാണ് ഉപാകര്‍മ്മത്തിന്റെ മുഖ്യചടങ്ങുകള്‍.
ആചാര്യന്‍ ശിഷ്യന്മാരുമായി ഒത്തൊരുമിച്ച് അഗ്നിസാക്ഷിയായി വേദപഠനം പുനരാരംഭിക്കുന്നതാണ് വേദാരംഭം. വേദത്തിന്റെ ആദ്യത്തെ നാല് അനുവാകങ്ങള്‍ മാത്രം ചൊല്ലുവാനാണ് നിയമമെങ്കിലും എല്ലാ വേദ- ശാസ്ത്രങ്ങളുടേയും തുടക്കത്തിലെ കുറച്ചുഭാഗം ചൊല്ലുന്നതാണ് സമ്പ്രദായം. സ്വാര്‍ത്ഥതയില്ലാതെ പരോപകാരത്തിനുവേണ്ടി ജീവിക്കുന്ന ബ്രാഹ്മണ്യമുള്ളവരാണ് ബ്രാഹ്മണര്‍. ഗായത്രിയും നിസ്വാര്‍ത്ഥതയുമാണ് ബ്രാഹ്മണ്യത്തിന്റെ മുഖമുദ്ര.
ബ്രാഹ്മണരേയും വേദങ്ങളേയും രക്ഷിക്കാന്‍ മഹാവിഷ്ണു ഹയഗ്രീവനായി അവതാരമെടുത്തത് ആവണി മാസത്തിലെ അവിട്ടം നക്ഷത്രത്തിലാണെന്നും ഐതിഹ്യമുണ്ട്.
അസുരന്മാരെ തോല്പിച്ച് അമരാവതി വീണ്ടെടുത്ത ഇന്ദ്രന്റെ കൈത്തണ്ടില്‍ ഭാര്യ ശചി ദേവീ ഈ ദിനത്തില്‍ രക്ഷയ്‌ക്കായി പട്ടുനൂല്‍ (രാഖി) കെട്ടിക്കൊടുത്തുവെന്നും സങ്കല്പമുണ്ട്. ഇന്നും ഭാരതത്തില്‍ വ്യാപകമായി ഈ പുണ്യദിനം രക്ഷാബന്ധന്‍ മഹോത്സവമായി ആഘോഷിച്ചുവരുന്നു.
















