മുംബൈ: സവാള വില കുതിക്കുന്നതിനിടെ മുംബൈയിലെ ഒരു ചന്തയില്‍ നിന്ന് നിന്ന് 700 കിലോ സവാള മോഷണം പോയി. നഗരത്തിലെ സിയോണ്‍ മേഖലയിലെ മാര്‍ക്കറ്റിലെ ഹോള്‍സെയില്‍ കടയില്‍ നിന്നാണ് സവാള മോഷണം പോയത്. ശനിയാഴ്ച രാവിലെ കടതുറന്നപ്പോള്‍ 14 ചാക്ക് സവാള കാണാനില്ലായിരുന്നുവെന്ന് കടയുടമ ആനന്ദ് നായ്‌ക് പറഞ്ഞു. വഡല ട്രക്ക് ടെര്‍മിനല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം സവാള മോഷണവുമായി ബന്ധപ്പെട്ട് കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ടെന്നും ഇതൊരു ഞെട്ടിക്കുന്ന കേസാണെന്നും സീനിയര്‍ ഇന്‍സ്‌പെക്ടര്‍ സുഹാസ് ഗരുഡ് പറഞ്ഞു.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഉല്‍പ്പാദനം കുറഞ്ഞതാണ് സവാള വില കുതിച്ചുയരാന്‍ കാരണമെന്ന് കേന്ദ്ര ഉപയോക്തൃ മന്ത്രാലയം വ്യക്തമാക്കി. വില നിയന്ത്രിക്കാന്‍ സവാള ഇറക്കുമതി ചെയ്യാനും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
നിലവില്‍ സവാള വില കിലോ 80 രൂപയ്‌ക്കാണ് ചില്ലറ വില്‍പ്പന ശാലകളില്‍ വില്‍ക്കുന്നത്. ദിവസങ്ങള്‍ക്കകം വില നൂറു രൂപ കവിയുമെന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മാര്‍ക്കറ്റായ മഹാരാഷ്‌ട്രയിലെ ലസാല്‍ഗോണില്‍ ശനിയാഴ്ച ഉള്ളിയുടെ ഹോള്‍സെയില്‍ വില 57 രൂപയായിരുന്നു. ഡല്‍ഹിയില്‍ ചില്ലറ വില്‍പ്പന ശാലകളില്‍ വില 75 രൂപ മുതല്‍ 80 രൂപ വരെയായി ഉയര്‍ന്നു.
















