കൊളംബോ: റനില്‍ വിക്രമെ സിങ്‌ഗെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ പാര്‍ട്ടിയുമായി ധാരണയിലെത്തി, ദേശീയ സര്‍ക്കാര്‍ ഉണ്ടാക്കാമെന്നും പരിഷ്‌കരണത്തിനുള്ള ഭരണ നടപടിയുമായി മുന്നോട്ടു പോകാമെന്ന വ്യവസ്ഥയിലാണ് സത്യപ്രതിജ്ഞ.
66കാരനായ വിക്രമ സിംഗെ ബുദ്ധമതാചാര പ്രകാരമുള്ള സത്യപ്രതിജ്ഞാ ചടങ്ങാണ് നിര്‍വഹിച്ചത്. പ്രസിഡന്റ് സിരിസേനയുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രതിജ്ഞ. ഇതോടെ മുന്‍ പ്രസിഡന്റ് രാജപക്‌ക്ഷെയ്‌ക്കെതിരേയുള്ള രാഷ്‌ട്രീയ സഖ്യം കൂടുതല്‍ ശക്തമാക്കിക്കൊണ്ട് മികച്ച ഭരണത്തിനുള്ള സൂചനകളാണ് ഇരുവരും നല്‍കിയിരിക്കുന്നതെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
തെരഞ്ഞെടുപ്പില്‍ വിക്രമ സിംഗെയുടെ പാര്‍ട്ടിയായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷത്തിന് ഏഴു സീറ്റു കുറവുണ്ടായിരുന്നു. സിരിസേനയുടെ ശ്രീ ലങ്കന്‍ ഫ്രീഡം പാര്‍ട്ടിയുമായി സഖ്യത്തിന് ഇരുകൂട്ടരും തമ്മില്‍ ചര്‍ച്ചചെയ്ത് സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു.
















