ഏഥന്‍സ്: ഗ്രീസ് പ്രധാനമന്ത്രി അലക്‌സി സിപ്രസ് രാജിവച്ചു. ജനുവരി 25ന് ഉണ്ടായ ജനവിധിയുടെ പരിധികള്‍ ഇല്ലാതായിരിക്കുന്നുവെന്നും ഇനി ഗ്രീക്ക് ജനതയ്‌ക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള സമയമാണെന്നും രാജി പ്രഖ്യാപന പ്രസംഗത്തില്‍ സിപ്രസ് പറഞ്ഞു.
സിപ്രസ് സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കാത്ത സാഹചര്യത്തില്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ മൂന്ന് ദിവസത്തെ സാവകാശമുണ്ട്. അതില്‍ അവര്‍ പരാജയപ്പെട്ടാല്‍ പ്രസിഡന്റ് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. അങ്ങനെയാണെങ്കില്‍ അടുത്ത മാസം ഇരുപതോടെ പൊതുതെരഞ്ഞെടുപ്പ് നടക്കും.
യൂറോപ്യന്‍യൂണിയന്റെ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലുണ്ടായ ഭിന്നതയെത്തുടര്‍ന്നാണ് സിപ്രസ് രാജി വച്ചത്. സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കിയ മൂന്നാംഘട്ട സാമ്പത്തിക അച്ചടക്കനടപടികളില്‍ പാര്‍ലമെന്റില്‍ അഭിപ്രായഭിന്നത ഉണ്ടായിരുന്നു. സിപ്രസിന്റെ പാര്‍ട്ടിയിലെ അംഗങ്ങള്‍തന്നെ സാമ്പത്തിക അച്ചടക്കനടപടിക്കെതിരെ രംഗത്ത് എത്തിയിരുന്നു.
കഴിഞ്ഞ ജനുവരിയിലാണ് സിപ്രസ് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്.
















