വാഴൂര്‍: വാഴൂര്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോപ്പുലേഷന്‍ സര്‍വ്വീസ് എന്ന സംഘടനയുടെ പേരില്‍ അനധികൃത കുടുംബ ആരോഗ്യ സര്‍വ്വേ. സ്ത്രീകളും യുവാക്കളുമടങ്ങുന്ന ഒരു സംഘമാളുകളാണ് ഒരാഴ്ചയില്‍ അധികമായി സര്‍വ്വേ നടത്തുന്നത്. തിരുവനന്തപുരം നഗരസഭയുടെ ഒരു വാര്‍ഡില്‍ മാത്രം സര്‍വ്വേ നടത്തുന്നതിന് ലഭിച്ച അനുമതിയുടെ മറവിലാണ് സംശായാസ്പദമായ രീതിയില്‍ വാഴൂര്‍ പഞ്ചായത്തില്‍ സര്‍വ്വേ നടക്കുന്നത്. സര്‍വ്വേ നടത്തുന്നതിന് സംസ്ഥാന സര്‍ക്കാരോ, തദ്ദേശ ഭരണ സ്ഥാപനമോ, ജില്ലാ ഭരണകൂടം, പോലീസ് എന്നിവയോ അനുമതി നല്‍കിയിട്ടില്ല. പ്രദേശത്തിന്റെ ഗൂഗിള്‍ മാപ്പ് സഹിതം സ്വകാര്യ ഏജന്‍സി നടത്തുന്ന സര്‍വ്വേ നാട്ടുകാരെ പരിഭ്രാന്തിയാക്കി.
പേര്, വിദ്യാഭ്യാസം, ആരോഗ്യസ്ഥിതി, തിരിച്ചറിയല്‍ രേഖ, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങളാണ് സര്‍വ്വേയ്‌ക്കെത്തുന്നവര്‍ ശേഖരിക്കുന്നത്. ഒരാഴ്ചയ്‌ക്കുള്ളില്‍ രണ്ടാം ഘട്ടം എന്ന നിലയില്‍ രക്തസാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തുമെന്ന് സംഘാംഗങ്ങള്‍ നാട്ടുകാരെ അറിയിച്ചു. വാഴൂര്‍ കോളേജ് കവലയിലെ വീടുകളില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനിടയില്‍ സംശയം തോന്നി നാട്ടുകാര്‍ യുവാക്കളെ തടഞ്ഞ് ചോദ്യം ചെയ്തപ്പോഴാണ് യാതൊരു അനുമതിയും ഇല്ലാതെയാണ് സര്‍വ്വേ നടത്തുന്നത് വ്യക്തമായത്. നാട്ടുകാര്‍ പള്ളിക്കത്തോട് പോലീസ് സ്റ്റേഷനില്‍ അറിയിച്ചതിനെതുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അനുമതിയോടെയാണ് സര്‍വ്വേ നടത്തുന്നതെന്ന് സംഘാംഗങ്ങള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ മെഡിക്കല്‍ ഓഫീസറുടെ അനുമതി പത്രം ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല. മെഡിക്കല്‍ ഓഫീസറുടെ അനുമതി പത്രം കാണിച്ചതിനുശേഷം അനുമതിയോടെ സര്‍വ്വേ തുടര്‍ന്നാല്‍ മതിയെന്ന് പള്ളിക്കത്തോട് പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് സംഘാംഗങ്ങള്‍ നടപടി അവസാനിപ്പിച്ച് പിരിഞ്ഞുപോയി.
















