കളമശ്ശേരി: ഓണം പടിവാതില്‍ക്കല്‍ എത്തിയെങ്കിലും നഗരത്തിലെ വ്യാപാരികള്‍ക്ക് വീണ്ടും ഇല്ലായ്‌മയുടെ ഓണക്കാലമാണ് അരങ്ങുണരുന്നത്. ആലുവ മുതല്‍ എറണാകുളം വരെ മെട്രോ നിര്‍മ്മാണം നടക്കുന്നതിനാല്‍ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. മുന്‍പ് ഓണക്കാലത്ത് ജില്ലയുടെ മുഴുവന്‍ ഷോപ്പിംഗ് കേന്ദ്രമായിരുന്നു കൊച്ചി നഗരം. മെട്രോ റെയില്‍ വരുത്തി വച്ച ഗതാഗത തിരക്കും, വാഹനപാര്‍ക്കിങ് സൗകര്യങ്ങള്‍ കുറഞ്ഞതും മാളുകളെ ആശ്രയിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയാണ്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഇപ്പോള്‍ എല്ലാ ഷോപ്പിങ് മാളുകളില്‍ കിട്ടുമെന്നതിനാല്‍ ആളുകള്‍ വഴിയോരക്കച്ചവടക്കാരെ ഉപേക്ഷിച്ചുകഴിഞ്ഞു. ഇതിനിടക്ക് ഗതാഗതക്കുരുക്കും മഴയും കൂടി ആയതോടെ ഓണക്കച്ചവടം നനഞ്ഞു കുതിര്‍ന്ന അവസ്ഥയിലാണ്. അന്യസംസ്ഥാനത്ത് നിന്ന് വരുന്ന പൂക്കള്‍, പച്ചക്കറി തുടങ്ങിയവയെ ആശ്രയിച്ചാണ് മലയാളികള്‍ ഓണം കൊണ്ടാടിയിരുന്നത്. എന്നാല്‍ അതിര്‍ത്തിയിലെ നികുതി സംബന്ധ വിഷയങ്ങള്‍ കാരണം ഇവയുടെ വിലകൂടിയത് ഓണവിപണിക്ക് തിരിച്ചടിയായി.
പച്ചക്കറികളില്‍ വിഷമയമുണ്ടെന്ന് പറഞ്ഞ് കര്‍ശനപരിശോധനകളാണ് അതിര്‍ത്തികളില്‍ നടക്കുന്നത്. ഇത് പച്ചക്കറി വിപണിയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഓണം പ്രമാണിച്ച് സപ്ലൈകോ, ഹോര്‍ട്ടികോര്‍പ് സ്റ്റാളുകള്‍ തുറന്നിരുന്നു. ഇത്തവണ ഇവയെക്കുറിച്ച് പ്രഖ്യാപനം പോലുമില്ല.
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് കമ്പനികളിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബോണസ് പ്രഖ്യാപിക്കാത്തത് മൂലം പലരും ഓണഷോപ്പിങ്ങിന്റെ പകിട്ട് കുറക്കുകയാണ്. ഇപ്പോള്‍ വീട്ടിലിരുന്ന് ഫോണ്‍ ചെയ്താല്‍ സാധനങ്ങള്‍ വീട്ട് പടിക്കല്‍ എത്തിക്കുന്ന ഷോപ്പിംഗ് മാളുകള്‍വരെ ഉണ്ട്.ഇത് പ്രതീക്ഷിച്ച് കച്ചവടത്തിനിറങ്ങിയ പലര്‍ക്കും തിരിച്ചടി ആയിട്ടുണ്ട്.
















