ആര (ബീഹാര്‍): ബീഹാറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 1.25 ലക്ഷം കോടിയുടെ പ്രത്യേക സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ബീഹാറിന്റെ സമ്പൂര്‍ണ്ണ പരിവര്‍ത്തനം ലക്ഷ്യമിട്ടാണിതെന്ന് പൊതുസമ്മേളനത്തില്‍ മോദി പറഞ്ഞു. ഇതിനു പുറമേ സംസ്ഥാനത്തിന്റെ നിലവിലുള്ള പദ്ധതികള്‍ക്കായി 40,000 കോടി രൂപയും കേന്ദ്രം സഹായം നല്‍കും. മൊത്തം 1.65 ലക്ഷം കോടിയുടെ സഹായമാണ് ബീഹാറിന് ലഭിക്കുക. ബീഹാറിലെ ദേശീയ പാതാ പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മോദി.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയില്‍ ബീഹാറിന് 50,000 കോടി നല്‍കുമെന്ന് താന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ തുക കൊണ്ട് ഒന്നുമാവില്ലെന്ന് എനിക്ക് മനസിലായി. അടുത്തിടെ ഞാന്‍ ബീഹാര്‍ സന്ദര്‍ശിച്ചപ്പോഴും പാര്‍ലമെന്റ് നടക്കുന്നതിനാല്‍ എനിക്ക് ഒന്നും പ്രഖ്യാപിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എനിക്ക് എന്റെ വാഗ്ദാനം പാലിക്കാന്‍ കഴിയുന്ന അവസരമാണ്, മോദി പറഞ്ഞു. ബീഹാറിന്റെ വിധി തന്നെ തിരുത്തിയെഴുതാനാണ് ഇത്രയും തുക, മോദി പറഞ്ഞു. ഈ സാമ്പത്തിക പാക്കേജ് പൂര്‍ണ്ണമായും നടപ്പാക്കുക തന്നെ ചെയ്യും. വികസനം വഴി മാത്രമേ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ. മോദി പറഞ്ഞു.
ബീഹാര്‍ ഭരിക്കുന്നത് അഹങ്കാരികളാണെന്ന് മോദി പറഞ്ഞു. ബീഹാര്‍ രോഗിയായ സംസ്ഥാനമല്ലെന്നാണ് നിതീഷ് പറയുന്നത്. ഇങ്ങനെ വീരവാദം പറയുകയും അതേ സമയം തന്നെ കൂടുതല്‍ കേന്ദ്ര സഹായങ്ങള്‍ ചോദിക്കുകയും ചെയ്യുന്നു. ഇതെന്ത് വൈരുദ്ധ്യമാണ്. ഇനി ബീഹാറിലെ ജനങ്ങള്‍ തീരുമാനിക്കട്ടെ, മോദി പറഞ്ഞു.
ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിട്ടുനിന്നു. സംസ്ഥാന റോഡ് നിര്‍മ്മാണ മന്ത്രി രാജീവ് രഞ്ജന്‍ സിങ് പങ്കെടുത്തു.
പരിപാടിയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും യുവതീയുവാകകളയിരുന്നു. 40 മിനിറ്റ് നീണ്ട പ്രസംഗത്തിലുടനീളം അവര്‍ മോദിക്ക് ജയ് വിളിച്ചു.
















