ധാക്ക : ബംഗ്ലാദേശ് ബ്ലോഗെഴുത്തുകാരുടെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ മുഖ്യന്‍ അറസ്റ്റിലായി. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ നില്‍ഖെത് ഏരിയയിലെ ധന്‍മോണ്ടിയില്‍ നിന്നും തിങ്കളാഴ്ച രാത്രിയോടെയാണ് മൂന്നംഗ സംഘത്തെ അറസ്റ്റുചെയ്തത്. ഇതില്‍ തൗഹിദ്ദൂര്‍ റഹ്മാന്‍ എന്നയാളാണ് പ്രമുഖ ബ്ലോഗെഴുത്തുകാരായ അവിജിത് റോയ് അനന്ത ബിജോയ് ദാസ് എന്നിവരുടെ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനെന്ന് ബംഗ്ലാദേശ് റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ മാക്‌സുദുള്‍ ആലം പറഞ്ഞു.
നിരോധിത ഭീകര സംഘടനയായ അന്‍സറുള്ള ബംഗ്ല സംഘത്തിലെ പ്രവര്‍ത്തകരാണ് മൂവരും. വിശദ വിവരങ്ങള്‍ക്കായി ഇവരെ ചോദ്യം ചെയ്തു വരികയാണ്. അല്‍ഖ്വയ്ദയ്‌ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അന്‍സറുള്ള ബംഗ്ല സംഘം. ബ്ലോഗെഴുത്തുകാരുടെ തുടര്‍ച്ചയായുള്ള കൊലപാതകങ്ങള്‍ക്കുശേഷം ഈ സംഘടനയ്്ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ബംഗ്ലാദേശ് സര്‍ക്കാര്‍ കഴിഞ്ഞമെയില്‍ ഉത്തരവിറക്കിയിരുന്നു.
യുഎസ് പൗരനായ ബംഗ്ലാദേശ് ബ്ലോഗെഴുത്തുകാരന്‍ അവിജിത് റോയി കഴിഞ്ഞ ഫെബ്രുവരിയിലാണ് കൊലചെയ്യപ്പെട്ടത്. അദ്ദേഹത്തിന്റെ ഭാര്യയേയും വധിക്കാന്‍ ഭീകരര്‍ ശ്രമം നടത്തിയെങ്കിലും അവര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. മെയിലാണ് 33 കാരനായ ബിജോയ് ദാസ് കൊല്ലപ്പെട്ടത്. ഇരുവരുടേയും കൊലപാതകത്തിനുശേഷം നിലോയ് ചക്രബര്‍ത്തി നീല്‍, വാഷിഖുര്‍ റഹ്മാന്‍ എന്നീ ബ്ലോഗെഴുത്തുകാര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. അറസ്റ്റിലായിട്ടുള്ള പ്രതികളില്‍ നിന്നും ഇവരുടേയും കൊലപാതകങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
















