മുംബൈ: ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെ ഉയര്‍ത്തിപ്പിടിച്ചിരുന്നത് ദേശീയ താത്പര്യമാണെന്ന് ശിവസേന. ഒരു മാസിക ബാല്‍ താക്കറെയെ വിമര്‍ശിച്ച് ലേഖനം പ്രസിദ്ധീകരിച്ച സാഹചര്യത്തിലാണ് ശിവസേനയുടെ മറുപടി. ശിവസേന മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ബാല്‍ താക്കറെയുടെ ദേശീയ ആശയങ്ങളോട് ബഹുമാനവും അഗാധമായ സ്‌നേഹവും ജനങ്ങള്‍ക്കുണ്ടായിരുന്നു.
ഹിന്ദുക്കള്‍ രാജ്യത്ത് അഭിമാനത്തോടെ ജീവിക്കണം. ഒരു സിംഹത്തിന്റെത് പോലെ അവന്റെ ശബ്ദം ഉയരുകയും വേണം. പാക്കിസ്ഥാന്‍ ഭീകരന്മാര്‍ക്ക് മറുപടി നല്‍കുന്നതിനായി ഹിന്ദുക്കള്‍ കൂടുതല്‍ മതപരമാകണം. രാഷ്‌ട്രത്തെ ആക്രമിക്കുന്നവര്‍ക്കെതിരായി ഹിന്ദുക്കള്‍ മനുഷ്യബോംബായി മാറണമെന്നും പാക്കിസ്ഥാന് മറുപടിയായി സേന പറഞ്ഞു. പാക്കിസ്ഥാന്റെ ഭീകരതക്കെതിരെ സ്വന്തം നിലയില്‍ പ്രതികരിക്കുന്നതിനെ ഭീകരതയെന്നാണ് വിളിക്കുന്നതെങ്കില്‍ അത്തരത്തിലുള്ള ഭീകരത ദേശീയ താത്പര്യത്തിനാണ്.
എല്ലാ മതങ്ങളെയും തുല്യമായാണ് താക്കറെ കണ്ടിരുന്നത്. 1984 ല്‍ ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ മഹാരാഷ്‌ട്ര ശാന്തമായിരുന്നു. ഇവിടെ യാതൊരു പ്രശ്‌നവും ഉണ്ടാവാതിരുന്നത് സിഖ് മതക്കാര്‍ക്ക് സമാധാനപരമായി ജീവിക്കാന്‍ സാധിച്ചതും താക്കറെയുടെ നിലപാട് മൂലമാണെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.
തെറ്റായ വിവരങ്ങളിലൂടെ അനാവശ്യ പ്രചാരണം നേടുവാനാണ് മാസിക ശ്രമിച്ചത്. നിലവില്‍ ക്ഷയിച്ചുകിടക്കുന്ന മാസികയ്‌ക്ക് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കാനേ ഇത് സാഹായിക്കൂ എന്നും സേന പറഞ്ഞു. മാസികയ്‌ക്കെതിരേ സേന പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
















