ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ ഉധംപൂരിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അറസ്റ്റിലായ പാക് ഭീകരന്‍ ഉസ്മാന്‍ ഖാനെന്ന നാവേദിനെ സഹായിച്ച രണ്ട് പേരുടെ രേഖാചിത്രം ദേശീയ അന്വേഷണ ഏജന്‍സി പുറത്തുവിട്ടു. ഭീകരാക്രമണത്തിനു ശേഷം ഒരു സ്‌കൂളില്‍ ഒളിച്ച നാവേദിനെ, ഇയാള്‍ ബന്ദികളാക്കിയ രണ്ടു നാട്ടുകാര്‍ തന്നെയാണ് തന്ത്രത്തില്‍ പിടിച്ചിരുന്നത്.
മുഹമ്മദ് നാവേദ് യാക്കൂബ് എന്ന നാവേദിനെ സഹായിച്ച രണ്ടു നാട്ടുകാരും മുങ്ങിയിരിക്കുകയാണ്. ഇവര്‍ക്കായി എന്‍ഐഎ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
അതിനിടെ നാവേദിനെ ഇന്നലെ നുണപരിശോധനയ്‌ക്ക് വിധേയനാക്കി. ഇതിനു പുറമേ ഇയാളുടെ ഡിഎന്‍എയും ശബ്ദ സാമ്പിളുകളും എന്‍ഐഎ ശേഖരിക്കും.ഇതുവഴി ഇയാള്‍ പാക്കിസ്ഥാന്‍ സ്വദേശി തന്നെയെന്ന് സ്ഥിരീകരിക്കുകയാണ് എന്‍ഐയുടെ ലക്ഷ്യം. നാവേദ് പാക് പൗരനല്ലെന്നാണ് അവരുടെ വാദം. ഇയാളെ കഴിഞ്ഞ ദിവസം അമര്‍നാഥ് ജില്ലാ മിജ്‌സട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയിരുന്നു.
കോടതി ഉത്തരവു പ്രകാരമാണ് നാവേദിനെ നുണപരിശോധനയ്‌ക്ക് വിധേയമാക്കുന്നത്. ഇതിന് തയ്യാറാണെന്ന് ഇയാള്‍ എഴുതി നല്‍കിയിട്ടുണ്ട്.ഭീകരാക്രണം സംബന്ധിച്ച് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പാക്കിസ്ഥാനിലെ ഫൈസാബാദ് സ്വദേശിയായ ഇയാള്‍ തന്നെ സഹായിച്ചവരെക്കുറിച്ചും വന്ന വാഹനത്തെക്കുറിച്ചും മറ്റും പരസ്പരവിരുദ്ധമായ മറുപടികളാണ് നല്‍കുന്നത്. അന്വേഷകരെ കുഴക്കാനാണിത്. അതിനാലാണ് ഇയാളെ നുണ പരിശോധനയ്‌ക്ക് വിധേയനാക്കുന്നത്.
















