ന്യൂദല്‍ഹി: പ്രകോപനമില്ലാതെ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ 6 ഗ്രാമീണര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ രൂക്ഷമായ വെടിവെയ്‌പ്പ്. അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്ന പാക്കിസ്ഥാനോടുള്ള നിലപാട് കടുപ്പിച്ച കേന്ദ്രസര്‍ക്കാര്‍ പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി.
കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങിന്റെ നേതൃത്വത്തില്‍ ആഭ്യന്തരസെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗം ഇന്നലെ രാവിലെ ദല്‍ഹിയില്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പൂഞ്ച് സെക്ടറിലെ സബ്‌സിയാന്‍, മാണ്ഡി മേഖലകളില്‍ ഞായറാഴ്ച രാത്രി കനത്ത ഷെല്ലാക്രമണമാണ് ഉണ്ടായത്. ബിഎസ്എഫും ഉചിതമായ മറുപടി നല്‍കുകയാണെന്ന് ആഭ്യന്തരസെക്രട്ടറി രാജ്‌നാഥ്‌സിങിനെ അറിയിച്ചു.
ആഗസ്ത് 8 മുതല്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ക്ക് നേരേ പാക്കിസ്ഥാന്‍ നടത്തുന്ന പ്രകോപനകരമായ ഷെല്ലാക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് വിദേശകാര്യവക്താവ് വികാസ് സ്വരൂപ് ആവശ്യപ്പെട്ടു. പൂഞ്ച് സെക്ടറില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഗ്രാമീണര്‍ക്ക് നേരേ നടന്ന വെടിവെയ്‌പ്പ് ബോധപൂര്‍വ്വം സിവിലിയന്മാരെ ലക്ഷ്യമാക്കി നടത്തുന്നതാണെന്ന് വ്യക്തമാണ്. ഡിജിഎംഒ തല ചര്‍ച്ചകളില്‍ അതിര്‍ത്തി വെടിവെയ്‌പ്പ് നിരവധി തവണ ഉന്നയിച്ചിട്ടുള്ള വിഷയമാണ്. വെടിവെയ്‌പ്പ് അവസാനിപ്പിക്കുമെന്ന് പാക്കിസ്ഥാന്‍ ഉറപ്പു നല്‍കിയ ശേഷവും അതിര്‍ത്തിയില്‍ വെടിവെയ്‌പ്പ് തുടരുകയാണ്. ഇതിനെ അതിശക്തമായി നേരിടും, വികാസ് സ്വരൂപ് പറഞ്ഞു.
ബല്ലാക്കോട്ട് മേഖലയില്‍ 6 പേര്‍ മരിക്കുകയും 10പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ തുടര്‍ന്ന് അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകളിലേക്ക് കൂടുതല്‍ ആയുധങ്ങള്‍ എത്തിച്ചിട്ടുണ്ട്. നിരവധി അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും ഗ്രാമീണരെ ഒഴിപ്പിച്ചുതുടങ്ങി. ആഗസ്ത് 23-24 തീയതികളില്‍ നടക്കുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗവും അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അനിശ്ചിതത്വത്തിലായിട്ടുണ്ട്.
















