ന്യൂദല്‍ഹി: രാജ്യത്തെ കര്‍ഷകരും വനിതകളും ശാക്തീകരിക്കപ്പെടുകയും തൊഴിലാളികള്‍ സംതൃപ്തരും യുവാക്കള്‍ സ്വയംപര്യാപ്തരും മുതിര്‍ന്നവര്‍ ആരോഗ്യവാന്മാരും പാവപ്പെട്ടവര്‍ സമ്പന്നരും ആകണമെന്ന ലക്ഷ്യത്തോടെ 125 കോടി ജനങ്ങളും ചേര്‍ന്ന് ടീം ഇന്ത്യയായി പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹത്തില്‍ ആരും പിന്നിലായി പോകരുതെന്നും എല്ലാവര്‍ക്കും തുല്യാവകാശങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി രാഷ്‌ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കി.
എണ്‍പത്തിയാറു മിനുറ്റു നീണ്ട സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ അദ്ദേഹം 35 തവണ രാജ്യത്തെ 125 കോടി ജനങ്ങളെ ടീം ഇന്ത്യയെന്ന് അഭിസംബോധന ചെയ്തു. രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2022ല്‍ വീടുകളില്ലാത്ത ഒരാളും ഉണ്ടാകാന്‍ പാടില്ലെന്നും ഭാരതത്തിലെ ഗ്രാമങ്ങളിലെല്ലാം 24 മണിക്കൂറും വൈദ്യുതി വിതരണം ചെയ്യേണ്ടതുണ്ടെന്നും മോദി പറഞ്ഞു. സമ്പല്‍സമൃദ്ധവും ആരോഗ്യപൂര്‍ണ്ണവുമായ ശാക്തീകരിക്കപ്പെട്ട ഭാരതത്തിന് വേണ്ടിയാവണം നമ്മുടെ പ്രവര്‍ത്തനമെന്ന് ആഹ്വാനം ചെയ്ത അദ്ദേഹം രാഷ്‌ട്രവികസനത്തിന് നിരവധി പദ്ധതികളും പ്രഖ്യാപിച്ചു.
അംബേദ്കര്‍ ജന്മവാര്‍ഷികത്തില്‍ രാജ്യത്തെ 1.25 ലക്ഷം ബാങ്ക് ശാഖകളും ഓരോ ആദിവാസി യുവാക്കള്‍ക്കും വനിതകള്‍ക്കും സ്വന്തം സംരംഭങ്ങള്‍ തുടങ്ങാന്‍ വായ്‌പ നല്‍കണമെന്നും സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യയെന്ന ലക്ഷ്യത്തിലേക്കുള്ള ഉദ്യമത്തില്‍ സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെക്കൂടി ഇതുവഴി ഉള്‍പ്പെടുത്താന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് ഇനിയും വൈദ്യുതിയെത്തിച്ചേരാത്ത 18.500 ഗ്രാമങ്ങളില്‍ ആയിരം ദിവസത്തിനുള്ളില്‍ വൈദ്യുതിയെത്തിച്ചുകൊണ്ട് സമ്പൂര്‍ണ്ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കും. ഇനിയും പത്തുവര്‍ഷമെടുക്കുമെന്ന കണക്കുകള്‍ മുഖവിലയ്‌ക്കെടുക്കാതെ സമ്പൂര്‍ണ്ണ വൈദ്യുതീകരണം ചെങ്കോട്ടയില്‍ നിന്നുകൊണ്ട് പ്രതിജ്ഞ ചെയ്യുകയാണ്.
കൃഷിയുടെ സാമ്പത്തിക വശത്തിന് പ്രാധാന്യം നല്‍കുന്നത് മാറ്റിവെച്ച് കര്‍ഷരുടെ ക്ഷേമം ലക്ഷ്യമിട്ട് കൃഷിമന്ത്രാലയത്തിന്റെ പേര് കേന്ദ്ര കൃഷി-കര്‍ഷക ക്ഷേമ മന്ത്രാലയം എന്ന് പുനര്‍നാമകരണം ചെയ്യുകയാണെന്ന് മോദി പറഞ്ഞു. കര്‍ഷകരുടെ പ്രാധാന്യം സൈനികരുടേതിനേക്കാള്‍ ഒട്ടും കുറവല്ല. ഭാവിയില്‍ കൃഷിയുടെ ആസൂത്രണത്തോടൊപ്പം കര്‍ഷകരുടെ ക്ഷേമ പദ്ധതികളും ആസൂത്രണം ചെയ്യും.
കര്‍ഷകര്‍ക്ക് കൂടുതല്‍ വിള ലഭിക്കുന്നതിനായി രാജ്യത്ത് വിതരണം ചെയ്യുന്ന യൂറിയയില്‍ നൂറു ശതമാനം വേപ്പ് പുരട്ടല്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി പത്തുശതമാനം കുറച്ച് മാത്രം കൃഷിഭൂമിയില്‍ യൂറിയയുടെ ഉപയോഗിച്ചാല്‍ മതിയാകും. കൃഷിഭൂമികളിലെ ജലസേചനത്തിനായി 50,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഖനികള്‍ക്ക് സമീപത്തുള്ള ഗ്രാമങ്ങളിലെ വസവാസികളുടെും കര്‍ഷകരുടേയും തൊഴിലാളികളുടേയും ക്ഷേമത്തിനായി 6000 കോടി രൂപ ചെലവഴിക്കാന്‍ തീരുമാനിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച കേന്ദ്രസര്‍ക്കാര്‍ 15 മാസം പൂര്‍ത്തിയാക്കുമ്പോള്‍ ഒരു പൈസയുടെ പോലും അഴിമതി സര്‍ക്കാരിനെതിരെ ഉയര്‍ന്ന് വന്നിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്തുകൊണ്ടിരുന്ന കേസുകളുടെ എണ്ണം മുമ്പ് 800 മാത്രമായിരുന്നെങ്കില്‍ ഇപ്പോളത് 1800 ആയിയെന്നും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ അതിശക്തമായ നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും മോദി പറഞ്ഞു.
സ്‌കൂളുകളിലെ ടോയ്‌ലറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായെന്നും ജന്‍ധന്‍ യോജന വഴി 17 കോടി പേര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ ലഭിച്ചെന്നും മോദി പറഞ്ഞു. 12രൂപയ്‌ക്കും 330 രൂപയ്‌ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാനും സര്‍ക്കാരിനായി. വണ്‍റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി അതിന്റെ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും ഉടന്‍ തന്നെ പ്രഖ്യാപനമുണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രിസഭാംഗങ്ങള്‍, പ്രതിപക്ഷ നേതാക്കള്‍, മുതിര്‍ന്ന ബിജെപി നേതാക്കള്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ന്യായാധിപന്മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്വാതന്ത്ര്യദിന ചടങ്ങില്‍ പങ്കെടുത്തു.
















