ന്യൂദല്‍ഹി: തൊഴല്‍ തേടുന്നതിനു യുവജനങ്ങള്‍ നേരിടുന്ന പീഡകള്‍ ഇല്ലാതാക്കാന്‍ പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ഒപ്പം പുതിയ സംരംഭങ്ങള്‍ക്ക് കേന്ദ്ര സഹായങ്ങള്‍ ലഭിക്കാന്‍ കൂടുതല്‍ തൊഴില്‍ നല്‍കുകയെന്നത് മാനദണ്ഡം ആക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് ഈ നയ പ്രഖ്യാപനം.
ചെറിയ ജോലികള്‍ക്കായി അഭിമുഖ പരീക്ഷകള്‍ എത്രയും വേഗം നിര്‍ത്തലാക്കാനും യോഗ്യതയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കാനും സംസ്ഥാന സര്‍ക്കാരുകളേയും കേന്ദ്ര സര്‍ക്കാരിലെ വിവിധ വകുപ്പുകളേയും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. പാവപ്പെട്ടവനെ ബുദ്ധിമുട്ടിപ്പിക്കുന്ന അഴിമതിയില്‍ നിന്ന് രാജ്യത്തെ ഇത് മുക്തമാക്കും.
യോഗ്യതയേക്കാള്‍, അഭിമുഖത്തിന്റെ പേരില്‍ നീതിയും അനീതിയും തമ്മിലുള്ള ഒരു മത്സരമാണ് നടക്കുന്നത്. ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്ന മാര്‍ക്ക് ഷീറ്റിന്റെ അടിസ്ഥാനത്തില്‍ ഇത് തീരുമാനിക്കപ്പെട്ടു കൂടേ? അഞ്ഞൂറോ രണ്ടായിരമോ ആളുകളെ ആവശ്യമുള്ളപ്പോള്‍ മാര്‍ക്ക്ഷീറ്റിന്റെ അടിസ്ഥാനത്തില്‍ മുകളിലുള്ള അഞ്ഞൂറോ രണ്ടായിരമോ പേരെ തിരഞ്ഞെടുക്കുക വഴി, മാര്‍ക്ക്ഷീറ്റിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കേണ്ടതാണ്.
ശാരീരിക ക്ഷമതയാവശ്യമുള്ള ഘട്ടങ്ങളില്‍ പ്രത്യേക മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ആവശ്യമാണ്. ഉയര്‍ന്ന ഉദ്യോഗങ്ങള്‍ക്കും വ്യക്തിത്വം പ്രധാനമായതിനാല്‍ ബാഹ്യരൂപം കണക്കാക്കപ്പെടും. റെയില്‍വേ ജോലിക്കായി പരീക്ഷയെഴുതാനും അഭിമുഖങ്ങളില്‍ പങ്കെടുക്കാനും നാഗാലാന്‍ഡില്‍ നിന്നും മിസോറാമില്‍ നിന്നും ജനങ്ങള്‍ മുംബൈയിലേക്ക് പോകുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. നമുക്ക് ഈ പീഡനം അവസാനിപ്പിക്കണം, മോദി പറഞ്ഞു.
നമ്മുടെ രാജ്യത്ത് മൂലധന നിക്ഷേപങ്ങള്‍ക്കും, പുതിയ വ്യവസായ സംരംഭങ്ങള്‍ക്കും സര്‍ക്കാര്‍ സഹായങ്ങള്‍ ലഭ്യമാക്കാനുള്ള മാനദണ്ഡങ്ങളില്‍ പരമാവധി ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നവര്‍ക്ക് വ്യത്യസ്ത സാമ്പത്തിക പാക്കേജ് ലഭിക്കുമെന്ന വ്യവസ്ഥകൂടി ഉള്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇതു സഹായകമാകും, അദ്ദേഹം പറഞ്ഞു.
















