പനമരം: പനമരത്ത് ഇന്നലെ വൈകുന്നേരം ആറ് മണിയോടെ രണ്ട് സ്ത്രീകള്‍ കടയില്‍ കയറി പണം അപഹരിച്ച് കടന്നുകളഞ്ഞു. ബസ്റ്റാന്റിന്റെ മുന്‍വശത്തുള്ള ഫാന്‍സികടയില്‍ അപരിചിതരായ രണ്ട് സ്ത്രീകള്‍ വൈകുന്നേരം എത്തുകയായിരുന്നു. ഇതിനടുത്തായാണ് കാനറ ബാങ്കിന്റെ എ.ടി.എം പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ക്ക് എ ടി എം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ അറിയില്ലെന്നും അതുകൊണ്ട് പണം പിന്‍വലിച്ച് തന്ന് സഹായിക്കണമെന്ന് കടയുടമയോട് പറയുകയായിരുന്നു. കടയില്‍ തിരക്ക് കുറവായതിനാല്‍ കടയുടമ എ.ടി.എം കാര്‍ഡുമായി സ്ത്രീകളെ കടയില്‍ നിര്‍ത്തി പണം എടുക്കാന്‍ പോകുകയായിരുന്നു. എ.ടി.എം കൗണ്ടറില്‍ തിരക്കായതിനാല്‍ കടയുടമ കുറച്ച് സമയത്തിന് ശേഷമാണ് തിരിച്ചെത്തിയത്. എന്നാല്‍ സ്ത്രീകള്‍ കൊടുത്ത പിന്‍നമ്പര്‍ തെറ്റായിരുന്നു. ഇത് പറയാനെത്തിയ കടയുടമയോട് സ്ത്രീകള്‍ മറ്റൊരു നമ്പര്‍ പറഞ്ഞുകൊടുക്കുകയായിരുന്നു. ഇതുമായി പണം എടുക്കാന്‍ പോയ കടയുടമയോടൊപ്പം ഒരു സ്ത്രീയും ചെന്നു. ഇതേസമയം കടയിലുണ്ടായിരുന്ന സ്ത്രീ പണപ്പെട്ടി തുറന്ന് 1500 രൂപ എടുക്കുകയായിരുന്നു. രണ്ടാമത്തെ പിന്‍കോഡും തെറ്റാണെന്ന് കണ്ട കടയുടമ വിവരം ധരിപ്പിച്ച് കാര്‍ഡ് തിരികെ നല്കി. കാര്‍ഡ് വാങ്ങിയ സ്ത്രീകള്‍ ഇതോടെ അവിടെ നിന്നും മുങ്ങി. അല്‍പ്പം കഴിഞ്ഞ് പണപ്പെട്ടി തുറന്നപ്പോഴാണ് പണം മോഷണം പോയവിവരം കടയുടമ അറിയുന്നത്. വ്യാപാരി പനമരം പൊലീസില്‍ പരാതി നല്കി. സാധാരണ ബസ്സ്റ്റാന്റ് പരിസരത്ത് തിരക്ക് കൂടുതലായതിനാല്‍ സ്ത്രീകളെ എളുപ്പത്തില്‍ കണ്ടെത്താനായില്ല. സംഭവം അറിഞ്ഞ നാട്ടുകാര്‍ ടൗണിന്റെ പല ഭാഗത്തും അന്വേഷണം നടത്തിയെങ്കിലും സ്ത്രീകളെ കണ്ടെത്താനായില്ല. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: