അനന്തു തലവൂര്‍
പത്തനാപുരം: മാതൃനാടിനുവേണ്ടി അതിര്‍ത്തി കാക്കണമെന്ന ആഗ്രഹം ബാക്കിയാക്കി ധനുഷ് കൃഷ്ണന് യാത്രയായി. എന്‍സിസിയിലൂടെ സൈന്യത്തില്‍ ചേര്‍ന്ന് രാജ്യത്തിന്റെ കാവല്ക്കാരനാകാനായിരുന്നു ധനുഷ് കൊതിച്ചത്. എല്ലാം ആഗ്രഹങ്ങളും ബാക്കിയാക്കി അവന് യാത്രയായപ്പോള്‍ ശേഷിക്കുന്നത് ഒരു പിടി സ്വപ്നങ്ങള്‍ മാത്രം.
മികച്ച എന്‍സിസി കേഡറ്റിനുളള പുരസ്കാരം മാതൃവിദ്യാലയത്തില്‍ നിന്നും ഏറ്റുവാങ്ങാനിരിക്കെയാണ് ധനുഷിന്റ ആകസ്മിക മരണം. പത്തനാപുരം മാലൂര്‍ എംടിഡിഎംഎച്ച്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായിരുന്നു. കോഴിക്കോട് വെസ്റ്റ് ഹില്‍ എന്‍സിസി ക്യാമ്പിലെ പരിശീലനത്തിനിടെയാണ് അപകടം സംഭവിച്ചത്. ഏഴാം നമ്പര്‍ ക്യാമ്പിലായിരുന്നു പരിശീലനം.
തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് മരണം സംഭവിക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ധനുഷിന്റെ മരണവാര്‍ത്ത സഹപാഠികളും ബന്ധക്കളും ഇനിയും വിശ്വസിച്ചിട്ടില്ല. ഹൈസ്കൂള്‍ തലം മുതലേ എന്‍സിസി കേഡറ്റായിരുന്ന ധനുഷ് പഠനത്തിലും ഒന്നാമനായിരുന്നു.
ഒന്‍പത് ദിവസത്തെ ക്യാമ്പിനായി ശനിയാഴ്ച കോഴിക്കോട്ടേക്ക് സന്തോഷത്തോടെ പോയ ധനുഷിനെയാണ് സഹപാഠികള്‍ ഇപ്പോഴും ഓര്‍ക്കുന്നത്. പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്തില്‍ മാലൂര്‍ മണയറ ശ്രീഹരിയില്‍ പരേതനായ രാധാകൃഷ്ണന്ഉണ്ണിത്താന്-രമാദേവീ ദമ്പതികളുടെ മകനാണ്. മാതാവ് രമാദേവി വാര്‍ഡു മെമ്പറാണ്. എന്‍സിസിയുടെ കഴിഞ്ഞ ക്യാമ്പിനിടെ മികച്ച ഷൂട്ടര്ക്കുളള പുരസ്കാരവും ലഭിച്ചിരുന്നു. പത്തനാപുരം മേഖലയിലെ സ്കൂളുകളില്‍ നിന്നും ക്യാമ്പിലേക്ക് പ്രവേശനം ലഭിച്ചത് ധനുഷിന് മാത്രമാണ്. വിദ്യാര്‍ത്ഥിയുടെ ആകസ്മിക മരണത്തില്‍ ദുരൂഹതയുള്ളതായും അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. സ്കൂളിലെ എബിവിപിയുടെ സജീവപ്രവര്‍ത്തകനായിരുന്നു ധനുഷ്. സഹോദരി അപര്‍ണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: