ചാത്തന്നൂര്‍: സിപിഎം സംഘടിപ്പിച്ച ജനകീയ പ്രതിരോധസമരം ചാത്തന്നൂര്‍ മേഖലയില്‍ തകര്‍ന്നടിഞ്ഞു. ഏറെ കേട്ടിയാഘോഷിച്ചു ലക്ഷക്കണക്കിന് രൂപ ഫണ്ടും പിരിച്ചാണ് സമരം നടത്തിയത്. കുടുംബ സംഗമങ്ങള്‍ നടത്തി എല്‍സി സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ കാല്‍നട ജാഥയായി വീടുവീടാന്തരം കയറിയിറങ്ങി ആള്‍ക്കാരെ വിളിച്ചെങ്കിലും സമരത്തിന് ആളുകള്‍ എത്താത്തതില്‍ പരിഭ്രാന്തിയിലാണ് സിപിഎം നേതൃത്വം പരിഹാസ്യസമരം നടത്തിയത്.
കൊട്ടിയം മുതല്‍ കടമ്പാട്ടുകോണം വരെ ആള്‍ക്ഷാമം പ്രകടമായിരുന്നു. കൊട്ടിയം, കുണ്ടറ, ചാത്തന്നൂര്‍ എന്നി ഏരിയാ കമ്മിറ്റിയില്‍ നിന്നുള്ളപ്രവര്ത്തകര് ആയിരുന്നു അല്‍പ്പമെങ്കിലും അണിചേര്‍ന്നത്. നേരത്തെ ഓരോ ലോക്കല്കമ്മിറ്റിക്കും നിശ്ചിതസ്ഥലവും വീതിച്ചു നല്‍കിയിരുന്നു. എന്നിട്ടും പ്രധാന സ്ഥലങ്ങളില്‍ പോലും ആളുകളെ കൊണ്ട് നിറയ്ക്കാന്‍ സിപിഎമ്മിനായില്ല. നാല് മണിമുതല്‍ അഞ്ചുമണി വരെയാണെന്ന് പറഞ്ഞിട്ട് പരിപാടി നാലരമണിക്ക് പോലും തുടങ്ങാനായില്ല. പലയിടത്തും സഖാക്കള്‍ കൂടിനില്‍ക്കുന്നത് അല്ലാതെ റോഡില്‍ ഇരിക്കാന്‍ കൂട്ടാക്കിയില്ല. ചാത്തന്നൂര്‍ ടൗണില്‍ സ്കൂള്‍ കുട്ടികള അണിനിരത്തിയെങ്കിലും പൂര്‍ണ്ണമായില്ല. പ്രധാന പട്ടണമായ ഇവിടെ സമരം പൂര്‍ണപരാജയമായി. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കും അഴിമതിക്കുമെതിരെയുള്ള സമരമാണ് എന്ന് പറഞ്ഞവര്‍ നരേന്ദ്രമോദി സര്‍ക്കാരിനെ മാത്രം വിമര്‍ശിക്കാനാണ് സമയം കണ്ടെത്തിയത്. വര്‍ഗീയതക്ക് എതിരെയും മോദി സര്‍ക്കാരിന് എതിരെയും അധരവ്യായാമം നടത്തി നേതാക്കള്‍ പ്രസംഗം അവസാനിപ്പിച്ചു. പ്രതിജ്ഞ പോലും രാഷ്ട്രീയ നാടകമാക്കി അവസാനിപ്പിച്ചപ്പോള്‍ ആളുകള്‍ കുറഞ്ഞതില്‍ ഏരിയാ കമ്മിറ്റികള്‍ തമ്മില്‍ പരസ്പരം കുറ്റപ്പെടുത്തുകയായിരുന്നു.
കുണ്ടറയില്‍ നിന്നും വാഹനങ്ങള്‍ മാത്രമാണ് എത്തിയത്. അണികള്‍ ഇല്ലായിരുന്നുവെന്ന് ചാത്തന്നൂര്‍ ഏരിയായിലെ സഖാക്കള്‍ പറയുമ്പോള്‍ ചാത്തന്നൂര്‍ ഏരിയാ കമ്മിറ്റിക്ക് സംഘടനാപാടവം ഇല്ലാത്തതാണ് സമരം പരാജയപ്പെടാന്‍ കാരണമെന്ന് കുണ്ടറയില്‍ നിന്നെത്തിയവരും ആരോപിച്ചു. ഒരുസമരം കൂടി പരാജയപെടുമ്പോള് വരുംദിനങ്ങളില്‍ സിപിഎമ്മില്‍ കലാപമുണ്ടാകുമെന്നുറപ്പായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: