പത്തനാപുരം: ഒരുവിഭാഗം ജീവനക്കാരെ അവഗണിച്ച് ബിവറേജസ് കോര്പ്പറേഷന്. മനുഷ്യാവകാശ കമ്മീഷന്റെയും ലേബര്‍ കമ്മീഷന്റെയും ഉത്തരവുകള്‍ക്ക് പുല്ലുവില കല്പിച്ച് ബിവറേജസ് കോര്പ്പറേഷന് ഒരുവിഭാഗം തൊഴിലാളികളുടെ മിനിമം വേതനം എന്ന ആവശ്യത്തിന് നേരെ കണ്ണടയ്ക്കുന്നു.
പതിമൂന്ന് മണിക്കൂറോളം ജോലി ചെയ്യാന്‍ വിധിക്കപ്പെട്ട താല്‍ക്കാലിക സ്വീപ്പര്‍ തസ്തികയില്‍ ഉള്‍പ്പെട്ട തൊഴിലാളികള്‍ക്ക് നേരെയാണ് കോര്പ്പറേഷന് വക പ്രതികാരം. താല്‍ക്കാലിക സ്വീപ്പര്‍ തസ്തികയില്‍ ബിവറേജസ് ഔട്ട് ലെറ്റുകളില്‍ തൊഴില്‍ ചെയ്യാന്‍ വിധിക്കപ്പെട്ട മുന്നൂറ്റിഅറുപതോളം പേരെ തൊഴിലാളികളായി അംഗീകരിക്കാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല. ഇവര്‍ക്ക് മിനിമം വേതനം നല്‍കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെയും ലേബര്‍ വകുപ്പിന്റെയും നിര്‍ദേശം ബിവറേജസ് കോര്പ്പറേഷന് അട്ടിമറിച്ചു.
ബിവറേജസ് ഔട്ട്ലെറ്റുകളില് ദിവസം 36 രൂപ വേതനത്തിനാണ് സ്വീപ്പര്‍മാര്‍ ജോലി ചെയ്യുന്നത്. ഒരു മണിക്കൂര്‍ മാത്രമാണ് ഇവരുടെ ആവശ്യമെന്ന് കോര്പ്പറേഷന് അധികൃതര്‍ പറയുമ്പോഴും നാലുമുതല്‍ പത്തുമണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വരുന്നവരാണ് അധികവും. ഇക്കാര്യം ലേബര്‍ വകുപ്പിനും ബോധ്യപ്പെട്ടതാണ്. സ്വീപ്പര്‍മാര്‍ക്ക് മിനിമംവേതനം നല്‍കണമെന്ന തൊഴില്‍ വകുപ്പിന്റെ നിര്‍ദേശം മനുഷ്യാവകാശ കമ്മീഷനും അംഗീകരിച്ചു. മിനിമം വേതനം നല്കാന് കോര്‍പ്പറേഷനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം വന്നതോടെ സ്വീപ്പര്‍മാരെ ഒരു മണിക്കൂര്‍ ജോലി ചെയ്യിച്ചാല്‍ മതിയെന്ന് ഷോപ്പ് മാനേജര്‍മാര്‍ക്ക് കോര്പ്പറേഷന് നിര്‍ദേശം നല്‍കുകയാണ് ചെയ്തത്. മൂവായിരം മുതല്‍ അയ്യായിരം ഉപഭോക്താക്കള്‍ വരെ ദിവസേന കയറിയിറങ്ങുന്ന ഒരോ ഔട്ട്ലെറ്റിലും 10 മണിക്കൂര്‍ കൊണ്ടും ജോലി തീര്‍ക്കാനാകില്ല.
ഒരു മണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ക്ക് മിനിമം വേതനം നല്കാന് ബാധ്യതയില്ലെന്നാണ് കോര്പ്പറേഷന് അധികൃതരുടെ വാദം. പഞ്ചായത്ത് മേഖലയില്‍ 36 രൂപയും മുന്‍സിപ്പാലിറ്റി, കോര്പ്പറേഷന് മേഖലകളില്‍ 40 രൂപയുമാണ് ഇവരുടെ ദിവസവേതനം. കേരളത്തിലെ 340ഓളം ഔട്ട് ലെറ്റുകളിലായി അത്രയും തന്നെ ശുചീകരണ തൊഴിലാളികളാണുള്ളത്. തുച്ഛമായ വേതനത്തിന് പതിനാല് വര്‍ഷമായി ജോലി ചെയ്യുന്നവരുമുണ്ട്.
അടച്ചു പൂട്ടിയ ഷോപ്പുകളിലെ ജീവനക്കാരെ പുനര്‍ജനി പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞെവെങ്കിലും ഇവരെ തഴയുകയായിരുന്നു. കേരളാ ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് മേഖലയിലെ മിനിമം വേതനം നിശ്ചയിച്ച പ്രകാരം തൂപ്പുജോലിക്കാര്‍ക്ക് പ്രതിമാസം 3727 രൂപ അടിസ്ഥാന ശമ്പളവും ക്ഷാമബത്ത ഉള്‍പ്പെടെ 7089 രൂപ ലഭിക്കേണ്ടതാണ്. എന്നാല്‍ 1080 രൂപ മാത്രമാണ് നിലവില്‍ ലഭിക്കുന്നത്. 2010 ഏപ്രില്‍ 19 വരയുള്ള കുടിശിക നല്‍കാനും മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശമുണ്ട്. കഴിഞ്ഞവര്‍ഷം സംസ്ഥാനത്തെ 21 വെയര്‍ഹൗസുകളില്‍ ജോലി ചെയ്യുന്ന ലേബലിംഗ് തൊഴിലാളികള്‍ക്കു പോലും ബോണസ് നല്‍കിയിട്ടും ഇവരെ അവഗണിക്കുച്ചു. ഒരു മണിക്കൂര്‍ മാത്രം ജോലി എന്ന മുടന്തന്‍ ന്യായം പറഞ്ഞ് തങ്ങളുടെ മിനിമം വേതന അര്‍ഹത അധികൃതര്‍ തടയുകയാണെന്നാണ് ശുചീകരണ തൊഴിലാളികളുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: