കുട്ടനാട്: കുട്ടനാടിന്റെ ജീവനാഡികളായ ചെറുകിട ജലസ്രോതസുകള്‍ അപ്രത്യക്ഷമാകുന്നു. കൃഷിക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും സഹായകരമായ കുട്ടനാടന്‍ മേഖലകളിലെ ജലസ്രോതസുകള്‍ ബഹുഭൂരിപക്ഷവും അപ്രത്യക്ഷമായി കഴിഞ്ഞു. പലതും സ്വകാര്യവ്യക്തികള്‍ കൈയടക്കി നികത്തി. പല ഇടത്തോടുകളും സംരക്ഷിക്കാന്‍ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതിനാല്‍ നാശത്തിന്റെ വക്കിലെത്തി.
കാര്‍ഷികമേഖലയില്‍ വെള്ളം കയറ്റുന്നതിനും ഇറക്കുന്നതിനും പുറമെ കുടിക്കുന്നതിനൊഴികെയുള്ള ദൈനംദിന കാര്യങ്ങള്‍ക്ക് പൊതുജനങ്ങളുടെ ആശ്രയം ഇത്തരം തോടുകളാണ്. ഇടത്തോടുകള്‍ ആഴം കൂട്ടുകയോ ഇരുവശങ്ങളും കരിങ്കല്‍ഭിത്തികെട്ടി സംരക്ഷിക്കുകയോ ചെയ്യാത്തതാണ് തോടുകള്‍ നശിക്കാന്‍ കാരണം. മുള്ളനും പായലും പോളയും നിറഞ്ഞ് തോട്ടിലേക്കിറങ്ങാന്പോലും കഴിയാത്ത അവസ്ഥയിലാണ്.
മുന്‍ കാലങ്ങളില്‍ വര്‍ഷകാലത്ത് കരപ്രദേശങ്ങളില്‍ നിന്ന് ഒഴുകിവരുന്ന വെള്ളം ഇത്തരം തോടുകളിലേക്കും അതുവഴി നദികളിലേക്കും എത്തിച്ചേര്‍ന്നിരുന്നു. ഇത് കുട്ടനാടിന്റെ പരിസ്ഥിതിയെ ഒരു പരിധി വരെ സംരക്ഷിക്കുമായിരുന്നു. ഇന്ന് ബഹുഭൂരിപക്ഷവും തോടുകളും അടഞ്ഞതോടെ നദികളിലേക്കുള്ള നീരൊഴുക്കുപോലും തടസപ്പെട്ടു. മൈനര്‍ ഇറിഗേഷന്റെ നേതൃത്വത്തിലാണ് ഇടത്തോടുകള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കേണ്ടത്. എന്നാല്‍ വകുപ്പുതലത്തില്‍ യാതൊരു നടപടികളും ഇല്ലാത്ത അവസ്ഥയാണിന്ന്. മണിമല, പമ്പ, അച്ചന്‍കോവില്‍ തുടങ്ങിയ നദികളെ പരസ്പരം ബന്ധിപ്പിക്കുന്നത് ഇത്തരം കൈത്തോടുകളാണ്.
സംരക്ഷിക്കാന്‍ നാഥനില്ലാതായതോടെ പല തോടുകളുടേയും ഇരുവശങ്ങളും സ്വകാര്യവ്യക്തികള്‍ കൈയടക്കി നികത്തിമാറ്റിക്കഴിഞ്ഞു. ബാക്കിയുള്ളവയാകട്ടെ മാലിന്യങ്ങള്‍ നിറഞ്ഞ് തോട്ടിലേക്കിറങ്ങിയാല്‍ എലിപ്പനി ഉള്‍പ്പടെയുള്ള സാംക്രമികരോഗ ബാധയ്ക്ക് കാരണമാകുന്ന തരത്തില്‍ ദുര്‍ഗന്ധവും പേറി നീരൊഴുക്ക് തടസപ്പെട്ടു കിടക്കുകയാണ്.
കുട്ടനാട്-അപ്പര്‍കുട്ടനാടന്‍ മേഖലകളിലെ നൂറുകണക്കിനു വരുന്ന കൈത്തോടുകള്‍ ഡ്രഡ്ജ് ചെയ്ത് ഇരുവശങ്ങളും സംരക്ഷിച്ച് ഉപയോഗപ്രദമാക്കുകയോ ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ പെടുത്തിയെങ്കിലും തോടുകള്‍ ശുചീകരിക്കാന്‍ നടപടി വേണമെന്ന് ആവശ്യമുയരുന്നു.
കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി പോലും കുട്ടനാടിന്റെ ജീവനാഡികളായ തോടുകള്‍ സംരക്ഷിക്കാന്‍ യാതൊരു പദ്ധതിയും തയ്യാറാക്കാന്‍ നടപടിയുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: