ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ രണ്ടാം സ്ഥാനക്കാര്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് മിന്നും ജയത്തോടെ തുടക്കം. എവേ മത്സരത്തില്‍ വെസ്റ്റ്‌ബ്രോംവിച്ച് ആല്‍ബിയനെ മടക്കമില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തുരത്തി സിറ്റി. യായ ടുറെയുടെ ഇരട്ട പ്രഹരം ജയത്തില്‍ നിര്‍ണായകം. മൂന്നാം ഗോള്‍ വിന്‍സന്റ് കംപാനിയുടെ വക. ലിവര്‍പൂളില്‍നിന്നെത്തിയ മുന്നേറ്റനിരക്കാരന്‍ റഹിം സ്റ്റെര്‍ലിങ് മത്സരത്തില്‍ സിറ്റിക്കായി അരങ്ങേറി.
കളിയുടെ ഒമ്പത്, 24 മിനിറ്റുകളിലാണ് ടുറെ ലക്ഷ്യം കണ്ടത്. ആദ്യം ജീവസ് നവാസിന്റെ ബാക്ക് പാസ് ലക്ഷ്യത്തിലേക്കു തൊടുത്ത ടുറെ, രണ്ടാമത്തേത് ടീം വര്‍ക്കിലും സ്വന്തമാക്കി. കൂട്ടായ നീക്കത്തിനൊടുവില്‍ ബോണി നല്‍കിയ ക്രോസ് വലയിലെത്തിച്ചു താരം. ഇടവേളയ്‌ക്കു ശേഷം 59ാം മിനിറ്റില്‍ വിന്‍സന്റ് കംപാനിയുടെ ഹെഡ്ഡറില്‍ സിറ്റി പട്ടിക തികച്ചു.
















