കളമശ്ശേരി: കളമശ്ശേരി ടോള്‍ ജംഗ്ഷന് സമീപം പരിത്തേലത്ത് പാലത്തിന് സമീപം പോലീസ് വാഹനപരിശോധനക്കിടെ വാഹനങ്ങള്‍ കൂട്ടിയിടിച്ച് വഴിയാത്രക്കാരുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്. പോലീസ് നടത്തിയ വാഹനപരിശോധനക്ക് ഇടയിലാണ് അപകടം. തൃശ്ശൂരില്‍ വാഹനപരിശോധനക്കിടെ ബൈക്ക് കെഎസ്ആര്‍ടിസി ബസ്സിന് കീഴില്‍ പെട്ട് അമ്മയും കുഞ്ഞും മരിച്ചതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് സംഭവം.
ഷാജഹാന്(46), അസീസ്(50), മുഹമ്മദ്(80), അഞ്ജു (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അഞ്ജു ഇപ്പോള്‍ ഇടപ്പള്ളി കിംസ് ആസ്പത്രിയില്‍ ഐ.സി.യുവില്‍ നിരീക്ഷണത്തിലാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ പത്ത് മണിക്ക് ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും.
ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. ആള്‍ട്ടോ കാറും പെട്ടി ഓട്ടോറിക്ഷയും ബൈക്കുമാണ് ഇടിച്ചത്. പരിത്തേലത്ത് പാലത്തിന് 200 മീറ്റര്‍ മാറിയാണ് അപകടം നടന്നത്. വാഹനപരിശോധനക്കായി ഇവിടെ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ പോലീസ് നില്‍ക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. തൃക്കാക്കര ഭാഗത്തു നിന്ന് ഇടപ്പള്ളിയിലേക്ക് വരികയായിരുന്ന ബൈക്കിന് പോലീസ് കൈകാണിച്ചു. പോലീസില്‍ നിന്ന് രക്ഷപെടാന്‍ ബൈക്ക് യാത്രക്കാരന് ബൈക്ക് വെട്ടിച്ചു. ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ഓള്‍ട്ടോ കാര്‍ മുന്പില് സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.
അപകടത്തിന് ശേഷം നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പുക്കാട്ടുപടി റോഡിലെ മുഴുവന്‍ വാഹനങ്ങളും നാട്ടുകാര്‍ തടഞ്ഞു. ഉപരോധം മറികടന്ന് പോകാന്‍ ശ്രമിച്ച വാഹനയാത്രികരുമായി നാട്ടുകാര്‍ വാക്കേറ്റത്തിലും കൈയ്യേറ്റത്തിന്റെ വക്കിലുമെത്തി. ഇതോടെ വാഹനങ്ങള്‍ വഴി തിരിഞ്ഞുപോയി. ഇതിനിടയ്ക്ക് സംഭവസ്ഥലത്ത് നിന്ന് പോലീസ് അപ്രത്യക്ഷമായി. ഇതോടെ നാട്ടുകാര്‍ ഉപരോധം ശക്തമാക്കി. തുടര്‍ന്ന് ഇടപ്പള്ളി മെയിന്‍ റോഡിലേക്കുള്ള വഴിയില്‍ വാഹനങ്ങളുടെ നീണ്ട നിരയായി. അരമണിക്കൂറിന് ശേഷം കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പോലീസ് എത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. ഗതാഗതം പുനസ്ഥാപിക്കണമെന്നുള്ള പോലീസിന്റെ ആവശ്യം ജനങ്ങള്‍ ചെവിക്കൊണ്ടില്ല. ആവേശം കൂടിയതോടെ പോലീസിന്റെ നേര്‍ക്കും നാട്ടുകാര്‍ തട്ടിക്കയറി. എസ്.ഐക്കും, സി.ഐക്കും നേരെ കൈയ്യേറ്റത്തിനും നാട്ടുകാര്‍ മുതിര്‍ന്നു. എടപ്പാള്‍ സ്വദേശികളാണ് കാറില്‍ സഞ്ചരിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: