കൊട്ടാരക്കര: ഓണക്കാലത്ത് വ്യാജമദ്യത്തിന്റെ ഒഴുക്കുണ്ടാകുമെന്ന പോലീസ്-എക്സൈസ് ഇന്റലിജന്‍സ് വിഭാഗങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഉന്നത ഉദ്യോഗസ്ഥരുടെയും ഭരണനേതൃത്വത്തിന്റെയും ഉറക്കം കെടുത്തുന്നു. ഇതിനെ നേരിടാന്‍ റൂറല്‍ പോലീസ്, എക്സൈസ്, മോട്ടോര്‍ വാഹന വകുപ്പുകള്‍ എന്നിവ സംയുക്തമായി പരിശോധനകള്‍ ആരംഭിക്കും. ബാറുകള്‍ പൂട്ടിയശേഷമുള്ള ആദ്യ ഓണമെന്ന നിലയില്‍ അട്ടിമറി സാധ്യതയും തള്ളി കളയുന്നില്ല. അതിനാല്‍ കൂടുതല്‍ ജാഗ്രത ആവശ്യമായി വരും.
പരിശോധനയും, നീരീക്ഷണവും ശക്തമാക്കുവാന്‍ നിര്‍ദ്ദേശം ഉണ്ടെങ്കിലും വനമേഖലയും അതിര്‍ത്തി മേഖലയിലും ഇത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന ആശങ്കയുണ്ട്. അബ്കാരികള്‍, സ്പിരിറ്റു വ്യാപാരം നടത്തിയിരുന്നവര്‍, അബ്കാരികേസില്‍ ഉള്പ്പെടുത്തിയിട്ടുള്ളവരും ശിക്ഷിക്കപ്പെട്ടിട്ടുള്ളവരുമെല്ലാം നിരീക്ഷണത്തിലാണ്. മുന്‍കാല വാറ്റുകേന്ദ്രങ്ങളിലും ഒഴിപ്പു കേന്ദ്രങ്ങളിലും ആവര്‍ത്തിച്ചിട്ടുള്ള പരിശോധനകളാണ് നടന്നുവരുന്നത്.
സംസ്ഥാനം വിട്ടുപോയിട്ടുള്ള ചില മുന്‍കാല സ്പിരിറ്റ് കച്ചവടക്കാര്‍ വിദേശത്തും അന്യസംസ്ഥാനങ്ങളിലും ക്യാമ്പുചെയ്ത് ഇവിടുത്തെ സ്പിരിറ്റ് വ്യാപാരം നിയന്ത്രിച്ചുവരുന്നതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്.
സൈബര്‍ സെല്‍ മുഖാന്തിരം ഇത്തരം ആളുകളിലും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണക്കാലം ലക്ഷ്യമിട്ട് വന്‍തോതില്‍ സ്പിരിറ്റ് എത്തിചേര്ന്നിട്ടുള്ളതായാണ് അന്വേഷണ സംഘങ്ങള്‍ക്ക് ലഭിക്കുന്ന വിവരം. അടുത്തിടെ അടൂര്‍, കടമ്പനാട്, നൂറനാട്, എന്നിവിടങ്ങളില്‍ നിന്നും സ്പിരിറ്റും വ്യാജ നിര്‍മ്മിത വിദേശ മദ്യവും പിടികൂടിയിരുന്നു. ചില കള്ളുഷാപ്പുകളില്‍ നിന്നും സ്പിരിറ്റും സ്പിരിറ്റ് ചേര്‍ന്ന കള്ളും കണ്ടെടുത്തിരുന്നു. ഓണക്കാലം ലക്ഷ്യമിട്ടുകൊണ്ടുള്ള മുന്നൊരുക്കങ്ങളായിട്ടാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതിനെ കാണുന്നത്.
അതിര്‍ത്തി വഴിയുള്ള വ്യാജമദ്യ വരവ് തടയുവാനും സ്പിരിറ്റ് വരവ് തടയുവാനും ഊര്‍ജ്ജിതമായ നിരീക്ഷണമാണ് വിവിധ വിഭാഗങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഓണം അടിച്ചുപൊളിക്കാന്‍ മദ്യമില്ലാതെ ഭൂരിപക്ഷത്തിനും കഴിയില്ല. ഈ സാഹചര്യം വ്യജമദ്യലോബികള് പരമാവധി മുതലെടുക്കാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: