ഗുര്‍ബജ് സിങ്
ന്യൂദല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീമില്‍ ചേരിതിരിവും അസ്വാരസ്യങ്ങളും സൃഷ്ടിക്കുന്നതിന്റെ പേരില്‍ മിഡ്ഫീല്‍ഡര്‍ ഗുര്‍ബജ് സിങ്ങിനെ ഒമ്പതു മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്തു. ഇതോടെ റിയോ ഒളിംപിക്‌സില്‍ രാജ്യത്തിന്റെ കുപ്പായമണിയാമെന്ന താരത്തിന്റെ മോഹത്തിന് മങ്ങലേറ്റു. 2016 മെയ് ഒമ്പതു വരെയാണ് ശിക്ഷാ കാലാവധി.
ഗുര്‍ബജ് അച്ചടക്കം പാലിക്കുന്നില്ലെന്ന് കാട്ടി ബെല്‍ജിയത്തില്‍ നടന്ന ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനല്‍സിനു പിന്നാലെ മുന്‍ കോച്ച് ജൂഡ് ഫെലിക്‌സ് ഹോക്കി ഇന്ത്യയ്‌ക്ക് പരാതി നല്‍കിയിരുന്നു. ഗുര്‍ബജ് പരിശീലകരെ അനുസരിക്കുന്നില്ലെന്നും ജൂഡ് ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഹോക്കി ഇന്ത്യ അച്ചടക്ക സമിതി യോഗം ചേര്‍ന്ന് താരത്തിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. അച്ചടക്ക സമിതി യോഗത്തില്‍ ജൂഡും പങ്കെടുത്തു. ഗുര്‍ബജിന് തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരവും നല്‍കി. നടപടി റദ്ദാക്കാന്‍ ഇനി ഗുര്‍ബജിന് അപ്പീല്‍ കമ്മിറ്റിയെ സമീപിക്കാം.
















