കൊളംബോ: ഇന്ത്യയ്ക്കെതിരായ മൂന്നു ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ശ്രീലങ്ക പ്രഖ്യാപിച്ചു. ഇടംകൈയന്‍ പേസര്‍ വിശ്വ ഫെര്‍ണാണ്ടോ പുതുമുഖം. പരുക്കു മൂലം പേസര്‍മാര്‍ ഷാമിന്ദ എരംഗയും സുരംഗ ലക്മലും ടീമിലില്ല. നേരത്തെ, യുഎഇ, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരേയുള്ള ടെസ്റ്റ് ടീമില്‍ ഇടം കണ്ടിരുന്നുവെങ്കിലും ഒരു മത്സരം പോലും കളിക്കാനായിരുന്നില്ല ഫെര്‍ണാണ്ടോയ്ക്ക്. ഇന്ത്യ – പ്രസിഡന്റ്സ് ഇലവന് സന്നാഹ മത്സരത്തില്‍ രോഹിത് ശര്‍മയുടെയും വൃദ്ധിമാന്‍ സാഹയുടെ വിക്കറ്റുകള്‍ നേടിയിരുന്നു താരം.
ധമ്മിക പ്രസാദാണ് പേസ് വിഭാഗത്തെ നയിക്കുക. ഫെര്‍ണാണ്ടോയും നുവാന്‍ പ്രദീപും ഇദ്ദേഹത്തിനൊപ്പം. രംഗന ഹെറാത്ത്, ദില്‍റുവാന്‍ പെരേര, താരിന്ദു കുശാല്‍ എന്നിവര്‍ സ്പിന്‍ വിഭാഗത്തില്‍. കുമാര്‍ സംഗക്കാരയുടെ വിരമിക്കല്‍ ടെസ്റ്റ് പരമ്പര എന്ന നിലയില്‍ ശ്രദ്ധേയമായ പര്യടനത്തിലെ ആദ്യ ടെസ്റ്റ് 12 മുതല്‍.
ടീം: ഏയ്ഞ്ചലോ മാത്യൂസ് (നായകന്), ലാഹിരു തിരിമന്നെ, കൗശല്‍ സില്‍വ, ദിമുത് കരുണരത്നെ, കുമാര്‍ സംഗക്കാര, ദിനേശ് ചണ്ഡിമല്‍, ഉപുല്‍ തരംഗ, ജെഹാന് മുബാറക്ക്, കുശാല്‍ പെരേര, രംഗന ഹെറാത്ത്, ദില്‍റുവാന്‍ പെരേര, താരിന്ദു കൗശല്‍, നുവാന്‍ പ്രദീപ്, ധമ്മിക പ്രസാദ്, വിശ്വ ഫെര്‍ണാണ്ടോ, ദുശ്മന്ത ചമീര.
















