ബാഴ്സലോണ: ഫുട്ബോള്‍ കളത്തില്‍ വീണ്ടും തലകൊണ്ടിടി. 2006 ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിന്റെ വിഖ്യാത മധ്യനിരക്കാരന് സിനദിന്‍ സിദാനായിരുന്നു പ്രതിയെങ്കില്‍, ഇത്തവണ വില്ലന്‍ ലോകത്തെ ഏറ്റവും മൂല്യമേറിയ താരം ബാഴ്സലോണയുടെ അര്‍ജന്റൈന്‍ ലയണല്‍ മെസി.
നൗകാംപില്‍ ഇറ്റാലിയന്‍ ടീം എഎസ് റോമയ്ക്കെതിരേയുള്ള സൗഹൃദ മത്സരത്തിലാണ് സിദാനെ അനുസ്മരിപ്പിക്കും വിധം മെസി പെരുമാറിയത്. എഎസ് റോമയുടെ ഫ്രഞ്ച് പ്രതിരോധനിരക്കാരന്‍ മപൗ യാങ്ക ബിവയാണ് മെസിയുടെ ഹെഡ്ബട്ടിനിരയായത്. ഇരുവരും കടുത്ത നടപടികള്നിന്ന് തത്കാലം രക്ഷപെട്ടു. മത്സരം ബാഴ്സ എതിരില്ലാത്ത മൂന്നു ഗോളിന് ജയിച്ചു.
ഇരുപത്തിയാറാം മിനിറ്റില്‍ നെയ്മറുടെ ഗോളില്‍ ബാഴ്സ മുന്നില്‍ക്കടന്ന ശേഷം മപൗ പ്രകോപനം സൃഷ്ടിച്ചതാണ് മെസിയുടെ പ്രതികരണത്തിനു കാരണം. മെസിയുടെ അടുത്തെത്തി തലകൊണ്ട് തലയില്‍ സ്പര്‍ശിച്ചു മപൗ. ഇതോടെ പ്രകോപിതനായ അര്‍ജന്റൈന്‍ മപൗവിനെ തലകൊണ്ട് നെഞ്ചില്‍ ഇടിച്ചു. തുടര്‍ന്ന് കഴുത്തില്‍പിടിച്ചു തള്ളി. റോമ താരം ലിയാന്‍ഡ്രോ കാസ്റ്റനും റഫറി ജാവിയര്‍ എസ്ട്രഡയും ചേര്‍ന്ന് ഇരുവരെയും പിടിച്ചു മാറ്റി. റഫറി ഇരുവര്‍ക്കും മഞ്ഞക്കാര്‍ഡും നല്കി.
മെസി-നെയ്മര്‍-സുവാരസ് ത്രയം സീസണില്‍ ആദ്യമായി ഒന്നിച്ച മത്സരം ബാഴ്സ അനായാസം കൈപ്പിടിയിലൊതുക്കി. ആരാധകരുടെ നിര്‍ലോഭമായ പിന്തുണയോടെ ആഞ്ഞടിച്ച അവര്‍ നെയ്മറിലൂടെ ലീഡെടുത്തു.
കയാങ്കളിക്കു ശേഷം 41ാം മിനിറ്റില്‍ മെസിയും, 66ാം മിനിറ്റില്‍ ഇവാന് റാക്റ്റിക്കും ലക്ഷ്യം കണ്ടു. ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്ക് കറ്റാലന്മാരെ നയിച്ച റാക്റ്റിക് റോമയ്ക്കെതിരേയും മികവ് തുടര്‍ന്നു.
















