698. ദ്വിജജീവനരൂപിണീ – ബ്രാഹ്ണരുടെ ജീവനമായി രൂപം പൂണ്ടവള്‍. ശ്രാദ്ധകര്‍മ്മങ്ങള്‍ നടത്തുമ്പോള്‍ ചടങ്ങുകളുടെ ഭാഗമായി ബ്രാഹ്മണര്‍ക്ക് ആഹാരം, വസ്ത്രം, ദക്ഷിണ തുടങ്ങിയവ കൊടുക്കാറുണ്ട്. ഈ ഉപഹാരങ്ങള്‍ ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ച ബ്രാഹ്മണരുണ്ട്. ശ്രാദ്ധ കര്‍മ്മങ്ങളുടെ അധിഷ്ഠാനദേവതയായ സ്വധയാണ് ഈ ബ്രാഹ്മണര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുന്നതെന്ന് പറയാം.
ശ്ലോകം. 147.
നാമഷഡ്കാ സ്വധാദേവീ പിതൃപ്രീതിവിധായിനീ
സുഭഗാ സുദതീ രാമാ രമ്യാ കമലലോചനാ
699. നാമഷഡ്കാ – ആറു നാമങ്ങള്‍ ഉള്ളവള്‍. സ്വധാദേവിയുടെ ആറുനാമങ്ങളില്‍ അഞ്ചെണ്ണം നാം ചര്‍ച്ചചെയ്തു. സ്വധാ എന്ന നാമം തുടര്‍ന്നുവരും.
700. സ്വധാദേവീ – പിതൃക്കളുടെ രക്ഷികയും പത്‌നിയുമായി സ്തുതിക്കപ്പെടുന്ന ദേവി. ബ്രഹ്മാവിന്റെ മാനസപുത്രിയും മൂലപ്രകൃതിയുടെ അംശഭൂതയും ദക്ഷപ്രജാപതിയുടെയും പ്രസൂതിയുടെയും മകളുമായ ദേവി.
701. പിതൃപ്രീതിവിധായിനീ – പിതൃക്കള്‍ക്കു പ്രീതി നല്‍കുന്നവള്‍. (694 മുതല്‍ 701 വരെയുള്ള നാമങ്ങള്‍ മൂകാംബികയെ സ്വധാദേവിയായി അവതരിപ്പിക്കുന്നു)
702. സുഭഗാ – സുഭഗ എന്ന പദത്തിന് സുന്ദരി, ഭര്‍ത്താവിനു പ്രിയപ്പെട്ടവര്‍, നല്ല ഭര്‍ത്താവുള്ളവള്‍, ഭാഗ്യവതി, തുളസി എന്നിങ്ങനെ പല അര്‍ത്ഥങ്ങള്‍ ദേവീപക്ഷത്തില്‍ സ്വീകരിക്കാം.
മൂകാംബികാദേവി ത്രിപുരസുന്ദരിയാണ്. ജീവികളിലും വസ്തുക്കളിലും സുന്ദരമായുള്ള എല്ലാ അംശങ്ങളും ദേവിയുടെ വിഭൂതികളാണ്. ഈ അര്‍ത്ഥത്തില്‍ സുഭഗ എന്ന പേര് ദേവിക്കുചേരും. ഭര്‍ത്താവിനു പ്രിയപ്പെട്ടവള്‍ എന്ന അര്‍ത്ഥവും ദേവിക്കു ചേരും. ശ്രീപരമേശ്വരന്‍ തന്റെ ശരീരാര്‍ത്ഥം തന്നെ ദേവിക്കു സമര്‍പ്പിച്ച് അര്‍ദ്ധനാരീശ്വരനായി. തപസ്സുചെയ്ത് പരസ്പരം നേടിയവരാണ് മാതൃകാദമ്പതിമാരായ ശിവനും ദേവിയും. നല്ല ഭര്‍ത്താവുള്ളവളാണു ദേവി എന്ന് എടുത്തു പറയേണ്ടകാര്യമില്ല. ലോകത്തിന് അമ്മയും ലോകനാഥനും ഭാര്യയും തന്നെ ആരാധിക്കുന്നവര്‍ക്ക് സര്‍വസൗഭാഗ്യങ്ങളും നല്‍കുന്നവളുമായ മൂകാംബികയെക്കാള്‍ ഭാഗ്യമുള്ള മറ്റാരുമില്ല. ദേവിയുടെ തുളസീരൂപത്തെ പതിനാറുനാമങ്ങള്‍കൊണ്ട് ഈ സ്‌തോത്രത്തില്‍ മുമ്പു സ്തുതിച്ചിരുന്നു. എല്ലാ അര്‍ത്ഥത്തിലും ദേവി സുഭഗയാണ്.
703. സുദതീ – സുന്ദരി. ഭംഗിയുള്ള നല്ല പല്ലുള്ളവള്‍ എന്നു പദാര്‍ത്ഥം. ദേവിയുമായി ബന്ധപ്പെട്ടതെല്ലാം സുന്ദരമാണെന്നും ദേവി ത്രിപുരസുന്ദരിയാണെന്നും മുന്‍പു പറഞ്ഞിരുന്നു.
















