ക്വലാലമ്പൂര്‍: കാണാതായ മലേഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നു വീണുവെന്ന് സ്ഥിരീകരണം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ റിയൂണിയന്‍ ദ്വീപിലാണ് വിമാനത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇത്, കാണാതായ എംഎച്ച് 370 വിമാനത്തിന്റേത് തന്നെയാണെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക് സ്ഥിരീകരിച്ചു.
വിമാനം കാണാതായി 15 മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ സ്ഥിരീകരണം വന്നിരിയ്‌ക്കുന്നത്. വിമാന അവശിഷ്ടം മലേഷ്യന്‍ വിമാനത്തിന്റേതാണെന്ന് ഫ്രാന്‍സില്‍ നടത്തിയ പരിശോധനയില്‍ വിദഗ്‌ദ്ധര്‍ അന്തിമ നിര്‍ണ്ണയത്തില്‍ എത്തിയെന്നാണ് നജീബ് റസാക് പറഞ്ഞത്. വിമാനത്തിലുണ്ടായിരുന്ന 227 യാത്രക്കാരും 12 ജീവനക്കാരും കൊല്ലപ്പെട്ടിരിയ്‌ക്കുന്നു എന്നും ഉറപ്പായി.
എന്നാല്‍ ഫ്രഞ്ച് ഡെപ്യൂട്ടി പ്രോസിക്യൂട്ടര്‍ മാക്കോവിയാക് നല്‍കിയ വിശദീകരണം നജീബ് റസാക്കിന്റെ പ്രസ്താവനയ്‌ക്ക് പരസ്പര വിരുദ്ധമായിരുന്നു. വിമാനത്തിന്റെ ഭാഗങ്ങള്‍, കാണാതായ എംഎച്ച് 370 വിമാനത്തിന്റേതാകാമെന്ന ശക്തമായ അനുമാനത്തില്‍ ഫ്രഞ്ച് വിദഗ്‌ദ്ധര്‍ എത്തിയിട്ടുണ്ടെന്നായിരുന്നു മാക്കോവിയാകിന്റെ വിശദീകരണം.
2014 മാര്‍ച്ച് എട്ടിന് ക്വാലാലമ്പൂരില്‍ നിന്ന് ബീജിങ്ങിലേയ്‌ക്ക് പുറപ്പെട്ട് വിമാനമാണ് ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ വച്ച് അപ്രത്യക്ഷമായത്. ഒട്ടേറെ ലോകരാഷ്‌ട്രങ്ങള്‍ വിമാനത്തിന്റെ തിരച്ചിലിനായി അണി നിരന്നു. മാസങ്ങള്‍ നീണ്ട തിരച്ചിലിലും കാര്യമായൊന്നും കണ്ടെത്താനായിരുന്നില്ല. വിമാനം കാണാതായതോടെ പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. വിമാനം തട്ടിക്കൊണ്ടുപോയതാണെന്നാണ് പലരും വിശ്വസിച്ചിരുന്നത്.
ഇന്ത്യയിലെ ദ്വീപസമൂഹമായ അന്‍ഡമാന്‍- നിക്കോബാറിലെ ആള്‍പാര്‍പ്പില്ലാത്ത ഏതോ ദ്വീപില്‍ വിമാനം സുരക്ഷിതമായി ഇറക്കിയെന്നും പ്രചാരണമുണ്ടായി. വിമാനം ഭീകരര്‍ ഹൈജാക്ക് ചെയ്യുകയും പിന്നീട് കടലില്‍ മുക്കുകയായിരുന്നു എന്നും വാര്‍ത്തകള്‍ വന്നിരുന്നു. മലേഷ്യന്‍ വിമാനത്തിന്റെ പൈലറ്റ് മനപ്പൂര്‍വ്വം വിമാനം കടലില്‍ മുക്കിയതാണെന്നും റിപ്പോര്‍ട്ടുകള്‍ പടര്‍ന്നു.
എന്തായാലും ഇപ്പോള്‍ കണ്ടത്തിയ അവശിഷ്ടങ്ങള്‍ എംഎച്ച് 370 ന്റേതാണെന്ന് സ്ഥിരീകരിച്ചെങ്കിലും എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.
















