ലണ്ടന്‍: റയല്‍ മാഡ്രിഡിന്റെ വെയ്ല്‍സ് മുന്നേറ്റ നിരക്കാരന്‍ ഗരത് ബെയ്‌ലിന് 100 ദശലക്ഷം പൗണ്ട്, ഏകദേശം 900 കോടിയിലധികം രൂപ, വിലയിട്ട് പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രംഗത്ത്. ബെയ്‌ലിനായി യുണൈറ്റഡ് പരിശീലകന്‍ ലൂയി വാന്‍ ഗാല്‍ വീണ്ടും വല വിരിച്ചതായി ഇംഗ്ലീഷ് ദിനപത്രമാണ് വാര്‍ത്ത നല്‍കിയത്. ടീം മാറുമെന്ന അഭ്യൂഹം ബെയ്‌ലും ഏജന്റും തള്ളി.
ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ നേരത്തെയും യുണൈറ്റഡ് വെയ്ല്‍സ് താരത്തിനു പിന്നാലെയുണ്ടായിരുന്നു. റയലില്‍ തുടരാനാണ് താത്പര്യമെന്നു താരം വ്യക്തമാക്കിയതോടെ അവര്‍ മറ്റു താരങ്ങള്‍ക്കു പിന്നാലെയായി. എന്നാല്‍, ഉദ്ദേശിച്ച താരങ്ങളാരും താത്പര്യം പ്രകടിപ്പിച്ചില്ല. ഇതോടെ വെയ്ല്‍സ് താരത്തിലേക്കു വീണ്ടുംശ്രദ്ധ തിരിഞ്ഞു.
വാര്‍ത്ത പുറത്തുവന്നതോടെ വിശദീകരണവുമായി ബെയ്‌ലിന്റെ ഏജന്റ് ജൊനാഥന്‍ ബെന്നറ്റ് രംഗത്തെത്തി. താരം റയലില്‍ സന്തുഷ്ടനാണെന്നും ലോകത്തെ മികച്ച താരമാകുന്നതിന്, ലോകത്തെ വലിയ ക്ലബ്ബിനൊപ്പം തുടരാനാണ് താത്പര്യമെന്നും ബെന്നറ്റ് പറഞ്ഞു. മറ്റെല്ലാം അഭ്യൂഹങ്ങള്‍ മാത്രമെന്നും അദ്ദേഹം.
അതേസമയം, ബാഴ്‌സലോണയുടെ പെഡ്രൊയെ 22 ദശലക്ഷം പൗണ്ടിന് ടീമിലെടുക്കാന്‍ യുണൈറ്റഡ് തയാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, സൂപ്പര്‍ കപ്പിനു ശേഷമെ അന്തിമ തീരുമാനമാകു. പ്രീമിയര്‍ ലീഗിലേക്കു പോകാന്‍ പെഡ്രൊയൊക്കും താത്പര്യം.
















